കേന്ദ്രമന്ത്രി ജെപി നദ്ദ കേരളത്തില്‍ വന്നത് ദുരന്തസഹായത്തിന്; നടത്തുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട സഹായത്തിന് നേതൃത്വം നല്‍കുന്നതിനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ കേരളത്തില്‍ തങ്ങുന്നതെന്ന് ഇനി കരുതരുത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രചരണത്തിനാണ് കേന്ദ്രമന്ത്രി സമയം കണ്ടെത്തുന്നത്. ദുരന്തം നേരിടാന്‍ നേതൃത്വം നല്‍കുന്നു എന്നത് മറ്റൊരു പ്രചരണം മാത്രം. ബിജെപിയുടെ തെരഞ്ഞെടുപ്പ് രഥങ്ങള്‍ തിരുവനന്തപുരത്ത് മന്ത്രി ജെപി നദ്ദ ഫഌഗ് ഓഫ് ചെയ്തു.

ദുരന്തത്തിന്റെ ഏകോപനം തീരുംമുന്‍പേ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ ജെപി നദ്ദ പങ്കെടുത്തു. അപകടം സംഭവിച്ച് രണ്ടാം ദിനം ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ജെപി നദ്ദ പങ്കെടുത്തത്. വിവി രാജേഷ് മത്സരിക്കുന്ന നെടുമങ്ങാട്ടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് ജെപി നദ്ദയാണ്.

കുളത്തൂര്‍ മേഖലയില്‍ കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ പ്രചരണത്തിനും ജെപി നദ്ദ എത്തി. തുടര്‍ന്ന് കുളത്തൂര്‍ കോലോത്തുംകര ശിവക്ഷേത്രത്തില്‍ നദ്ദ ദര്‍ശനവും നടത്തി. ഇതിനിടെ കണ്ണൂരില്‍ അക്രമത്തിനിടെ മരിച്ച ബിജെപി പ്രവര്‍ത്തകന്‍ പിവി സുജിത്തിന്റെ വീടും നദ്ദ സന്ദര്‍ശിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും നദ്ദ പങ്കെടുത്തു. തുടര്‍ന്ന് ഉച്ചയോടെ നദ്ദ ദില്ലിക്ക് മടങ്ങി.

നദ്ദയുടെ സംസ്ഥാനത്തെ പരിപാടികള്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ് എന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് ഒപ്പം എത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് എത്തുകയും കണ്ണൂര്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

ബിജെപി സംസ്ഥാന ഘടകത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര നേതാവ് കൂടിയാണ് ജെപി നദ്ദ. ബിജെപിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയും ജെപി നദ്ദയ്ക്ക് തന്നെ. ഇതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിക്ക് കേരളത്തില്‍ തങ്ങിയേ മതിയാവൂ. എന്നാല്‍ പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട സഹായത്തിന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് കേരളത്തില്‍ തങ്ങും എന്നാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും അറിയിച്ചത്.

രാഷ്ട്രീയ നേതാവ് കൂടിയായ ജെപി നദ്ദയ്ക്ക് തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ തങ്ങുന്നതിനോ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനോ സാങ്കേതികമായ തടസമില്ല. അത് ബിജെപിയുടെ സംഘടനാ കാര്യമാണ്. എന്നാല്‍ ദുരന്ത സഹായത്തിന് എന്ന പേരില്‍ തങ്ങുകയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ് ജെപി നദ്ദ ചെയ്യുന്നത്. ഫലത്തില്‍ ദുരന്തത്തിന്റെ മറവില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടുകയാണ് കേന്ദ്രസര്‍ക്കാര്‍.

ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ചിത്രങ്ങള്‍ ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് പോസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി തയ്യാറാക്കിയ വിജയരഥങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തിരുവനന്തപുരത്ത്…

Posted by BJP Keralam on Tuesday, 12 April 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News