സോഷ്യൽമീഡിയാ സൈറ്റ് തനിക്കുതന്നെ പാരയായാൽ എന്തു ചെയ്യും; പോസ്റ്റ് നീക്കിയിട്ടു യാതൊരു കാര്യവുമില്ല; അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും മുമ്പു രണ്ടു വട്ടം ആലോചിക്കണം

ഒരു ആവേശത്തിനോ കൗതുകത്തിനോ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഇടുന്ന പോസ്റ്റുകൾ പലർക്കം മറ്റൊരു ഘട്ടത്തിൽ പാരയായിത്തീരുന്നതു നിത്യ സംഭവമാണ് ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ എച്ച്ആർ വിഭാഗത്തിലുള്ളവർ സോഷ്യൽമീഡിയാ അക്കൗണ്ടുകൾ പരിശോധിച്ച് സ്വഭാവം വിലയിരുത്തുന്ന രീതി സ്വാഭാവികമായ സാഹചര്യത്തിൽ പലർക്കും ഭൂതകാല പോസ്റ്റുകൾ വലിയ പണിയായിത്തീരാറുണ്ട്. അതുപോലെതന്നെയാണ് എക്‌സുമായി ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങളും ഷെയർ ചെയ്ത പോസ്റ്റുകളും പുതിയ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതും.

ഇതൊക്കെ ഒഴിവാക്കാൻ എന്തു ചെയ്യണം. പലരും ഗതികെട്ടുകഴിയുമ്പോൾ അക്കൗണ്ട്തന്നെ ഡിലീറ്റ് ചെയ്യുകയാണു പതിവ്. ശരിക്കും അതിന്റെ ആവശ്യമില്ല. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നത് പലപ്പോഴും കടന്നകൈയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പിട്ട പോസ്റ്റുകളുടെ പേരിൽ താൻ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണു പലർക്കും കടന്നകൈയെക്കുറിച്ചു ചിന്തിക്കേണ്ടിവരുന്നത്. വർഷങ്ങൾക്കു ശേഷമായിരിക്കും ചിലപ്പോൾ പഴയ പോസ്റ്റുകൾ പാരയായി തലപൊക്കിവരിക.

പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടു കാര്യമില്ല

പലപ്പോഴും പാരയാകുമ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇത് യാതൊരു തരത്തിലും ഗുണം ചെയ്യില്ല. സോഷ്യൽ മീഡിയാ സൈറ്റുകളിൽ അക്കൗണ്ടുകൾ പരസ്പരബന്ധിതമാണെന്ന കാര്യമാണ് പ്രധാനം. ഒരിക്കൽ ഇട്ട പോസ്റ്റ് പിന്നീട് ഒരു പ്രശ്‌നത്തിന് കാരണമാകുന്ന സാഹചര്യത്തിൽ അതു തിരഞ്ഞെടുത്തു ഡിലീറ്റ് ചെയ്തിട്ടു കാര്യമില്ല. ആ പോസ്റ്റ് മറ്റാരെങ്കിലും ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ അത് അവിടെയുണ്ടാകും. ഒട്ടുമിക്ക സോഷ്യൽമീഡിയകളിലും ഇങ്ങനെത്തന്നെയാണ്.

ഈ സാഹചര്യത്തിലാണ് അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. താൽകാലികമായി പോസ്റ്റുകൾ മറച്ചുവയ്ക്കാൻ ഇതുവഴി കഴിയും. മറ്റൊരു അവസരത്തിൽ അക്കൗണ്ട് പുനരാരംഭിക്കാൻ ആഗ്രഹിച്ചാൽ അതും നടക്കും. അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെങ്കിൽ മുഴുവൻ ഉള്ളടക്കവും നഷ്ടപ്പെടും. പോസ്റ്റുകൾ, കോൺടാക്ടുകൾ, ഫോട്ടോകൾ എന്നിവ ഇങ്ങനെ അക്കൗണ്ടിൽനിന്നു നഷ്ടപ്പെടും. മറ്റൊരിക്കൽ പുതിയ അക്കൗണ്ടായി മാത്രമേ തുടങ്ങാൻ കഴിയൂ. പല സൈറ്റുകളും അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് മൊബൈൽ സൈറ്റുകളിലൂടെ സാധ്യമല്ല. ഡെസ്‌ക്ടോപ്പിൽതന്നെ ചെയ്യേണ്ടിവരും.

ഗൂഗിളിൽ കുടുങ്ങിയാൽ കുടുങ്ങിയതു തന്നെ

ഗൂഗിളിന്റെ സേവനങ്ങൾ എല്ലാം ഒറ്റ യൂസർനെയിമിലും പാസ് വേർഡിലുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു അക്കൗണ്ട് എടുത്തുകഴിഞ്ഞാൽ ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ പ്ലസ്, ഹാങ്ഔട്ട്‌സ്, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ ഡ്രൈവ് എന്നിവയെല്ലാം ഉപയോഗിക്കാം. എന്നാൽ ഇതിലേതിലെങ്കിലും ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നു കരുതിയാൽ ഒന്നും നടക്കില്ല. ഗൂഗിൾ അക്കൗണ്ട് മൊത്തത്തിൽ ഒഴിവാക്കുക മാത്രമാണ് വഴി. ഇമെയിലുകൾ, ഫോട്ടോകൾ, ഡോക്കുമെന്റുകൾ എന്നിവയെല്ലാം നഷ്ടപ്പെടും.

ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ്‌ചെയ്യാൻ: My Account എന്ന ഓപ്ഷനിൽ Account Preferences എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക. ഇവിടെയാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുള്ളത്. ഗൂഗിൾ അക്കൗണ്ടുകളും സമാഹരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളും നഷ്ടമാകുമെന്നു ഡിലീറ്റ് ചെയ്യുന്ന സമയത്തും ഗൂഗിൾ മുന്നറിയിപ്പു നൽകും.

ഫേസ്ബുക്കിൽ ഡീ ആക്ടിവേഷൻ ഉത്തമം

ഫേസ്ബുക്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്നതു ശ്രമകരമാണ്. അതിനേക്കാൾ എളുപ്പവും ഗുണം ചെയ്യുന്നതും അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നതാണ്. ഡീ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള ഒന്നും ആർക്കും കാണാൻകഴിയില്ല. മാത്രമല്ല, അക്കൗണ്ടിലുള്ള വിവരങ്ങളും ചിത്രങ്ങളുമെല്ലാം സുരക്ഷിതമായിരിക്കുകയും ചെയ്യും.

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ: ആദ്യം ഫേസ്ബുക്കുമായി നിങ്ങൾ ലിങ്ക് ചെയ്തിരിക്കുന്നതും ഫേസ്ബുക്ക് അക്കൗണ്ടിനെ ലിങ്ക് ചെയ്തിരിക്കുന്നതുമായ എല്ലാ സേവനങ്ങളും വിഛേദിക്കുക എന്നതാണ് ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ്് ചെയ്യാൻ ആദ്യം ചെയ്യേണ്ടത്. അക്കൗണ്ടിൽ ഉൾചേർത്തിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും എടുത്തുകളയുക. പേജുകളോ, ഗ്രൂപ്പുകളോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവയ്ക്കു പുതിയ അഡ്മിൻമാരെ നിയോഗിക്കുക. അക്കൗണ്ട് ഡിലീറ്റ് ചെയ്താലും അക്കൗണ്ട് ആധാരമായി എടുത്ത പേജുകളും ഗ്രൂപ്പുകളും അപ്രത്യക്ഷമാകില്ല.

അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ അക്കൗണ്ടിലുള്ള ഡാറ്റകളെല്ലാം ഡൗൺലോഡ് ചെയ്തുവയ്ക്കുക. അതു ഭാവിയിൽ ഫേസ്ബുക്കിലേക്കു മടങ്ങിവരണമെന്നു തോന്നിയാൽ സഹായകരമായിരിക്കും. https://www.facebook.com/help/delete_account എന്നി ലിങ്കിൽ പോയാൽ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള വിശദാംശങ്ങൾ അറിയാനാകും. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ അഭ്യർഥിച്ചുകഴിഞ്ഞു രണ്ടാഴ്ചയ്ക്കുള്ളിൽ യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് അക്കൗണ്ടിൽ കയറാൻ ശ്രമിച്ചാൽ ഡിലീറ്റ് ചെയ്യാനുള്ള അഭ്യർഥന തനിയെ റദ്ദാകും. അക്കൗണ്ടിലുണ്ടായിരുന്ന വിവരങ്ങളെല്ലാം ഒഴിവാക്കി ഡിലീറ്റ് നടപടികൾ പൂർത്തിയാകാൻ 90 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഫേസ്ബുക്ക് തന്നെ പറയുന്നത്.

ട്വിറ്റർ ഡിലീറ്റ് ചെയ്യാം; വീണ്ടുമെടുക്കാൻ പുതിയ ഇമെയിൽ വേണം

ഫേസ്ബുക്കിനെപ്പോലെ ഡീ ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനം ട്വിറ്ററിലില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യുക മാത്രമാണു വഴി. അക്കൗണ്ട് സെറ്റിംഗ്‌സിൽ ഡീ ആക്ടിവേറ്റ് മൈ അക്കൗണ്ട് എന്ന ഓപ്ഷനിലാണ് ഇതിനു ക്ലിക്ക് ചെയ്യേണ്ടത്. പിന്നീട് മുപ്പതുദിവസം ഈ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യാതിരുന്നാൽ ട്വിറ്റർതനിയെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള നടപടികളാരംഭിക്കും. അതിനുശേഷം ഡിലീറ്റിംഗ് പൂർത്തിയാകാൻ ഒരാഴ്ചയോളം വേണ്ടിവരും. ഒരിക്കൽ ഉപയോഗിച്ചിരുന്ന ട്വിറ്റർ അക്കൗണ്ട് രജിസ്റ്റർ ചെയ്തിരുന്ന ഇ മെയിൽ വിലാസം കൊണ്ടു മറ്റൊരു ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കാൻ കഴിയില്ലെന്ന കാര്യം മറക്കേണ്ട്.

ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം അക്കൗണ്ട് താൽകാലികമായി മരവിപ്പിച്ചിടാൻ മാർഗമുണ്ട്. ഇൻസ്റ്റഗ്രാമിന്റെ ഡെസ്‌ക് ടോപ്പ് സൈറ്റിൽ മാത്രമേ ഈ മാർഗമുള്ളൂ. പ്രൊഫൈലിൽ ചെന്ന് Temporarily disable my accoutn എന്ന ഓപ്ഷനിലാണ് ഈ സൗകര്യമുള്ളത്. https://www.instagram.com/accounts/remove/request/permanent/ എന്ന ലിങ്കിൽ പോയാൽ അക്കൗണ്ട് എന്നത്തേക്കുമായി ഡിലീറ്റ് ചെയ്യാൻ കഴിയും.

വാട്‌സ്ആപ്പ്

ആപ്ലിക്കേഷനിലൂടെതന്നെ ഡിലീറ്റ് ചെയ്യാവുന്ന സംവിധാനമാണ് വാട്‌സ്ആപ്പിലുള്ളത്. ഒരിക്കൽ ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ ആപ്ലിക്കേഷനിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും എന്നെന്നേക്കുമായി നഷ്ടമാകും. ചാറ്റുകൾ, ഫ്രണ്ട്‌സ് ലിസ്റ്റ്, ഗ്രൂപ്പുകൾ തുടങ്ങിയവയൊന്നും തിരിച്ചെടുക്കാനാവില്ല. ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും വാട്‌സ്ആപ്പിന്റെ സംവിധാനങ്ങൾ വ്യത്യസ്തമാണ്.

അക്കൗണ്ട് ഡിലീറ്റ് ചെയ്യാനാകാത്ത സൈറ്റുകൾ

  • വേർഡ്പ്രസ്
  • വികിപീഡിയ
  • നെറ്റ്ഫ്‌ളിക്‌സ്
  • സ്റ്റീം
  • ഗോക്കർ മീഡിയ
  • പ്ലേസ്റ്റേഷൻ നെറ്റ് വർക്ക്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here