വെടിക്കെട്ടില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങു മാത്രമാക്കി നടത്താന്‍ നിര്‍ബന്ധിതരാകുമെന്നു ദേവസ്വങ്ങള്‍; അധികാരകേന്ദ്രങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ആന എഴുന്നള്ളിപ്പും കുടമാറ്റവും ഒഴിവാക്കും

തൃശൂര്‍: വെടിക്കെട്ട് ഒഴിവാക്കേണ്ടി വന്നാല്‍ തൃശൂര്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം. ഹൈക്കോടതി പരാമര്‍ശം പൂരം നടത്തിപ്പിനെ ബാധിക്കുമെന്നും, അധികാര കേന്ദ്രങ്ങളില്‍നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആനയെഴുന്നെള്ളിപ്പും കുടമാറ്റവും ഒഴിവാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. അനുമതി ലഭിച്ചാല്‍ രണ്ടായിരത്തിയേഴിലെ അനുകൂല സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളും അതേതുടര്‍ന്ന് ഔദ്യോഗിക രംഗങ്ങളില്‍ നിന്നുണ്ടായ വ്യാഖ്യാനങ്ങളും തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നാണ് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ ആശങ്ക പ്രടകടിപ്പിച്ചത്. അധികാര സ്ഥാനങ്ങളില്‍ നിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടി വരുമെന്ന് ദേവസ്വങ്ങള്‍ സംയുക്ത പ്രമേയമിറക്കി.

രാത്രി വെടിക്കെട്ട് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും നടത്താനാവില്ല. വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ലെങ്കില്‍ ആനയെഴുന്നെള്ളിപ്പും കുടമാറ്റവും ഉള്‍പ്പെടെ ഒഴിവാക്കാനാണ് തീരുമാനം. ചടങ്ങുകളില്‍ മേളത്തിനൊപ്പം തിടമ്പേറ്റാന്‍ ഒരു ആനയെ മാത്രമാവും ഉപയോഗിക്കുക. രാത്രികാലത്തെ വെടിക്കെട്ട് നടത്തിപ്പില്‍ ഉത്സവ ആഘോഷ കമ്മറ്റികള്‍ക്ക് സുപ്രീംകോടതി ഇളവ് ലഭ്യമാക്കിയിരുന്നുവെന്ന് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അനുമതി ലഭിച്ചാല്‍ പതിനാലിന് കേസ് പരിഗണിക്കുമ്പോള്‍ ഈ ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കും. നിലവിലെ ആശങ്കകള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News