പരവൂർ ദുരന്തം; ഏത് അന്വേഷണത്തിനും തയ്യാറാണെന്നു സർക്കാർ; മന്ത്രിസഭാ ഉപസമിതി സ്ഥലം സന്ദർശിക്കും; പൊലീസിനെ പ്രതിയാക്കി കൊല്ലം ജില്ലാ കളക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ വെടിക്കെട്ട് ദുരന്തത്തിൽ 113 പേർ മരിക്കാനിടയായ സംഭവത്തിൽ ഏതുതരം അന്വേഷണത്തിനു തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സിബിഐ അടക്കം ഏത് അന്വേഷണത്തിനും സർക്കാർ തയ്യാറാണ്. മന്ത്രിസഭാ ഉപസമിതി നാളെ ദുരന്തസ്ഥലം സന്ദർശിക്കും. മന്ത്രിമാരായ ഷിബു ബേബിജോൺ, അടൂർപ്രകാശ്, വി.എസ് ശിവകുമാർ എന്നിവരടങ്ങിയ സമിതിയാണ് നാളെ സംഭവസ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയെന്നും ഉമ്മൻചാണ്ടി മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു.

വെടിക്കെട്ട് നിരോധിക്കുന്നതു സംബന്ധിച്ച് നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമായതിനാൽ നിരോധിക്കരുത് എന്ന് ഒരു വാദമുണ്ട്. എന്നാൽ, അപകടങ്ങൾ ഉണ്ടാകുമെന്നതിനാൽ വെടിക്കെട്ട് നിരോധിക്കണമെന്ന മറുവാദവും ഉണ്ട്. ഇതെല്ലാം നാളത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസചെലവ് സർക്കാർ വഹിക്കുമെന്നും, അവരുടെ വീടിന്റെ ബാക്കി നിർമാണ നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിനുശേഷം സർക്കാരിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദുരന്തത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറെയും പൊലീസൂകാരെയും പ്രതിക്കൂട്ടിലാക്കി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. വെടിക്കെട്ടു നടത്തരുതെന്ന അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവു നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയെന്നു വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. പരവൂരിൽ ദുരന്തം വിതച്ചത് അനധികൃത വെടിമരുന്നാണ്. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണ്. വെടിക്കെട്ടു നടത്തരുതെന്ന് ഉത്തരവുണ്ടായിരുന്നു. ഇതറിയാമായിരുന്ന പൊലീസ് വെടിക്കെട്ടു നടക്കുമ്പോൾ നിഷ്‌ക്രിയമായിനിന്നു. മത്സരവെടിക്കെട്ടാണ് നടക്കുന്നതെന്ന് പൊലീസ് അറിഞ്ഞിരുന്നു. ഇക്കാര്യം അവിടെ അനൗൺസ് ചെയ്തതാണ്. അതിനാൽതന്നെ വെടിക്കെട്ടു തടയാൻ ശ്രമിക്കാതെ നോക്കി നിന്ന പൊലീസിനാണ് ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തമെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

ദുരന്തമുണ്ടായതിന്റെ പിറ്റേ ദിവസം തന്നെ സിറ്റി ജില്ലാ പൊലീസ് മേധാവിക്കെതിരെ കളക്ടർ രംഗത്തവന്നിരുന്നു. വെടിക്കെട്ടു നടത്തരുതെന്ന് എഡിഎമ്മിന്റെ ഉത്തരവ് എന്തുകൊണ്ടു നടപ്പാക്കിയില്ല എന്നു പൊലീസ് വ്യക്തമാക്കണമെന്നായിരുന്നു കളക്ടറുടെ നിലപാട്. ഇതു ശരിവയ്ക്കുന്ന നിലയിൽ രേഖകളും പിപ്പീൾ ടിവി പുറത്തുവിട്ടിരുന്നു.വെടിക്കെട്ടു നടത്തരുതെന്ന എഡിഎമ്മിന്റെ റിപ്പോർട്ടും അതേസമയം, വെടിക്കെട്ടുദിവസം തിരക്കിട്ട് അനുമതി നേടിക്കൊടുക്കാൻ പൊലീസ് നടത്തിയ ശ്രമവും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News