പ്രണയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല ഈ സംഘപരിവാറുകാര്‍ക്ക്; മുസ്ലിം പുരുഷനെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതിക്കു ഭ്രാന്ത് വരുമെന്നു ബിജെപി നേതാവ്

മാണ്ഡ്യ: മുസ്ലിം യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതികള്‍ക്കു ഭ്രാന്ത് വരുമെന്ന കണ്ടെത്തലുമായി ബിജെപി നേതാവ്. മാണ്ഡ്യയില്‍ പന്ത്രണ്ടു വര്‍ഷത്തിലായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും വിവാഹം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ യുവതിയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാവ് ഇക്കാര്യം പറഞ്ഞത്. മകളെ ഹിന്ദു യുവാവിന് വിവാഹം ചെയ്തു കൊടുക്കരുതെന്നും ലവ് ജിഹാദാണ് അങ്ങനെ ചെയ്താല്‍ സംഭവിക്കുകയെന്നു ംബജ് രംഗ്ദള്‍ കര്‍ണാടക ഘടകം മുന്‍ കണ്‍വീനറും ബിജെപി നേതാവുമായ മഞ്ജുനാഥ് പറഞ്ഞു.

പന്ത്രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു എംബിഎ ബിരുദധാരികളായ യുവതിയും യുവാവും. വര്‍ഷങ്ങളായി ഇരുവരുടെയും മാതാപിതാക്കളും നല്ല സൗഹൃദത്തിലാണ്. മാതാപിതാക്കളുടെ സമ്മതത്തോടെ ഈ മാസം പതിനേഴിന് മൈസുരിലെ ഒരു ഹോട്ടലില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ യുവതിയുടെ വീട്ടിലെത്തി വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ടത്. തങ്ങളുടെ സമ്മതത്തെടെയാണ് യുവതിയും യുവാവും വിവാഹിതരാകുന്നതെന്നു യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞതോടെ പ്രത്യാഘാതമുണ്ടാകുമെന്നു പറഞ്ഞു സംഘം വീട്ടില്‍നിന്നുപോവുകയായിരുന്നു.

പരസ്പരം ഇഷ്ടപ്പെടുന്ന പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹം കഴിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നു ചോദിച്ചപ്പോള്‍, അതു യഥാര്‍ഥ പ്രണയമാണെങ്കില്‍ യുവാവ് മുസ്ലിം മതം ഉപേക്ഷിച്ച് ഹിന്ദുവാകുമെന്നും അത്തരമൊരു വിവാഹത്തിന് മാത്രമേ നിയമസാധുതയുണ്ടാകൂ എന്നുമായിരുന്നു സംഘത്തിന്റെ മറുപടി. കര്‍ണാടകയില്‍ ഹിന്ദു പെണ്‍കുട്ടികളുടെ ഏറ്റവും വലിയ ഭീഷണിയായി ലവ് ജിഹാദ് മാറിയിരിക്കുകയാണെന്നും പല പെണ്‍കുട്ടികളും വിവാഹശേഷം മാനസികരോഗികളായെന്നും ഇവര്‍ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ബംഗളുരു നിംഹാന്‍സില്‍ ചികിത്സയില്‍ കഴിയുന്ന എഴുപതു ശതമാനം സ്ത്രീകളും ഇത്തരത്തില്‍ അന്യമതസ്ഥരെ വിവാഹം ചെയ്ത ഹിന്ദുയുവതികളാണെന്നായിരുന്നു ഇവരുടെ വാദം. ലവ് ജിഹാദ് എന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നു വിവിധ സംസ്ഥാനങ്ങളിലെ പൊലീസും കോടതിയും തീര്‍പ്പാക്കിയിട്ടും രാജ്യത്ത് ഇത്തരം പ്രചാരണങ്ങള്‍ സജീവമാണെന്നു തെളിയിക്കുന്നതാണ് ഈ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News