തൃശ്ശൂർ പൂരം ആഘോഷമായി തന്നെ നടന്നേക്കും; ആന എഴുന്നള്ളത്തിനുള്ള നിയന്ത്രണം പിൻവലിച്ചു; വെടിക്കെട്ട് മാത്രം ഒഴിവാക്കി പൂരം നടത്താനാകില്ലെന്നു ദേവസ്വങ്ങൾ

തൃശ്ശൂർ: തൃശ്ശൂർ പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കാതെ ആഘോഷമായി തന്നെ നടന്നേക്കും. ആന എഴുന്നള്ളത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതിനു പിന്നാലെ വെടിക്കെട്ട് നടത്താൻ ഇളവു ലഭിക്കുമോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി തൃശ്ശൂരിലെത്തും. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ ഏഴരയ്ക്കാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. വെടിക്കെട്ടിന് ഇളവു നേടിയെടുക്കുന്ന കാര്യം ആലോചിക്കും.

പൂരത്തിന് ആന എഴുന്നള്ളിപ്പിനു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വനംവകുപ്പ് പിൻവലിച്ചു. ദേവസ്വങ്ങളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. പുതിയ പ്രായോഗികമായ നിർദേശങ്ങൾ സമർപിക്കാൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. പകൽ 10 മുതൽ 5 വരെ ആന എഴുന്നള്ളിപ്പ് പാടില്ല. ആനകൾ തമ്മിൽ 3 മീറ്ററും തലയും വയറും തമ്മിൽ 4 മീറ്ററും വാലുകൾ തമ്മിൽ 4 മീറ്ററും അകലം പാലിക്കണമെന്നായിരുന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ്. ദേവസ്വങ്ങളുടെ അപേക്ഷ പരിഗണിച്ച് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടതോടെയാണ് ഉത്തരവ് പിൻവലിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

തൃശ്ശൂർ പൂരം നടത്തിപ്പിനു പിന്തുണയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. പൂരം ആഘോഷങ്ങളോടെ നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നടത്തിപ്പ് സംബന്ധിച്ച് ഇന്ന് അന്തിമതീരുമാനം ഉണ്ടാകും. പൂരത്തിന്റെ പൊലിമ നഷ്ടമാകാതെ നടത്താൻ സൗകര്യം ഒരുക്കുമെന്നാണ് കളക്ടർ പറഞ്ഞത്.

അതേസമയം, ആഘോഷങ്ങളേതുമില്ലാതെ തൃശ്ശൂർ പൂരം ഇത്തവണ പേരിനുമാത്രമായി നടത്താനാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ബോർഡുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം എടുത്തത്. ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഘടകക്ഷേത്രങ്ങളും സംയുക്ത യോഗത്തിൽ പങ്കെടുത്തിരുന്നു. ഘടകപൂരങ്ങളും ചടങ്ങു മാത്രമാക്കാൻ നേരത്തെ തീരുമാനം എടുത്തിരുന്നു.

വെടിക്കെട്ടിനു പുറമെ ആന എഴുന്നള്ളിപ്പിനും നിയന്ത്രണം വന്നതോടെ പൂരം ആഘോഷത്തോടെ നടത്താനാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിനാണ് ദേവസ്വങ്ങൾ സംയുക്തയോഗം ചേർന്നത്. ഘടകപൂരങ്ങളെയും യോഗത്തിലേക്ക് വിളിച്ചു വരുത്തി. ആന എഴുന്നള്ളിപ്പിനു നിയന്ത്രണം വരുന്നത് പൂരം എഴുന്നള്ളിപ്പോടെ നടത്താനാകില്ലെന്നു ദേവസ്വം പ്രതിനിധികൾ വ്യക്തമാക്കി. ഇതോടെ ഒരു ആനപ്പുറത്തു മാത്രമായി എഴുന്നള്ളിപ്പു നടത്തും. തിടമ്പേറ്റുന്ന പ്രധാന ആനയെ മാത്രമായിരിക്കും എഴുന്നള്ളിപ്പിനു ഉപയോഗിക്കുക.

രാത്രികാല വെടിക്കെട്ടിനു ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അസ്തമയം മുതൽ പുലർച്ചെ വരെ വെടിക്കെട്ടു നടത്തരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കൂടാതെ വെടിക്കെട്ടു പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണമെന്നും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ വെടിക്കെട്ടു പുര തുറക്കാവൂ എന്നും ജില്ലാ കളക്ടർ ഉത്തരവിറക്കി. വെടിമരുന്നു അളവിൽ കൂടരുതെന്നും കളക്ടർ ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel