ജാതിവെറി മകന്റെ ജീവനെടുത്തു; രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിക്കുന്നു

മുംബൈ: ജതിവെറി രാധിക വെമുലയ്ക്ക് നഷ്ടമാക്കിയത് സ്വന്തം മകന്റെ ജീവിതമായിരുന്നു. ഒടുവിൽ ആ ജാതിവെറിയെ പൂർണമായി ഒഴിവാക്കാൻ ആ കുടുംബം തീരുമാനിച്ചു. ജാതിവെറിയുടെ ഇരയായി ആത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിക്കാൻ തീരുമാനിച്ചു. രോഹിതിന്റെ മാതാവ് രാധിക വെമുലയും സഹോദരൻ രാജാ വെമുലയും വ്യാഴാഴ്ച ബുദ്ധമതം സ്വീകരിക്കുമെന്ന് ബാബാസാഹബ് അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കർ അറിയിച്ചു. ഇന്നാണ് അംബേദ്കറുടെ 125-ാം ജന്മവാർഷിക ദിനം. ഹൈദരാബാദ് സർവകലാശാല വിദ്യാർഥിയായിരുന്ന രോഹിതിന്റെ ആത്മഹത്യ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് വരുത്തിവച്ചത്.
ബുദ്ധ സന്യാസിമാർ രോഹിതിന്റെ അമ്മയ്ക്കും സഹോദരനും ദീക്ഷ നൽകും. മുംബൈയിലെ ദാദറിലെ അംബേദ്കർ ഭവനിലായിരിക്കും ചടങ്ങുകൾ നടക്കുക. ബുദ്ധമതം സ്വീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കുടുംബം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നെന്ന് പ്രകാശ് അംബേദ്കർ അറിയിച്ചു. തങ്ങൾ ബുദ്ധമതം സ്വീകരിക്കുകയാണെന്ന് രോഹിതിന്റെ സഹോദരൻ രാജാ വെമുല പറഞ്ഞു.

ഹൈന്ദവ മതത്തോട് ഒരു വിദ്വേഷവുമില്ല. എന്നാൽ അതിൽ തുടരാൻ മനഃസാക്ഷി അനുവദിക്കുന്നില്ല. ജാതിസമ്പ്രദായം ഉള്ളതുകൊണ്ടാണ് എന്റെ സഹോദരന് പീഡനമേൽക്കേണ്ടി വന്നത്. എന്റെ സഹോദരൻ അനുഭവിച്ചതുപോലെ ലക്ഷക്കണക്കിന് ദളിതർ ജാതിസമ്പ്രദായം മൂലം കഷ്ടപ്പെടുന്നുണ്ട്. 1951-ൽ അംബേദ്കർ ചെയ്തതുപോലെ അവരും ബുദ്ധമതത്തിലേക്കു വരണമെന്നും രാജ പറഞ്ഞു.

ബുദ്ധമതാചാര പ്രകാരമായിരിക്കും രോഹിതിന്റെ അന്ത്യകർമങ്ങൾ നടത്തുക. ഔപചാരികമായി രോഹിത് ബുദ്ധമതം സ്വീകരിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഹൃദയം കൊണ്ട് ബുദ്ധമതക്കാരനായിരുന്നു. കഴിഞ്ഞ നവംബറിൽ ബുദ്ധമതത്തോടുള്ള രോഹിതിന്റെ അഭിനിവേശം കുടുംബം മനസ്സിലാക്കിയിരുന്നതാണെന്നും രാജ കൂട്ടിച്ചേർത്തു. ദളിതർക്ക് മാതൃകയാകാനാണ് താൻ ബുദ്ധമതം സ്വീകരിക്കുന്നതെന്ന് രാധിക വെമുലയും അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here