ആനയ്ക്ക് പഴം കൊടുത്ത ശേഷം അടുത്തു നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചു; വിരണ്ട ആന യുവാവിനെ കുത്തി

കിളിമാനൂർ: എഴുന്നള്ളത്ത് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആനയ്ക്ക് പഴം കൊടുത്ത ശേഷം അടുത്തുനിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ വിരണ്ട ആന കുത്തിപ്പരുക്കേൽപിച്ചു. തിരുവനന്തപുരം കിളിമാനൂരാണ് സംഭവം. ആറ്റിങ്ങൽ മാമം സ്വദേശി ശ്രീലാലിനാണു ആനയുടെ കുത്തേറ്റത്. മലയാമഠം ദേവേശ്വരം ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളത്തിനു കൊണ്ടുവന്ന ആനയുടെ മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. നിലവിളി കേട്ട് എഴുന്നേറ്റ പാപ്പാൻമാരാണ് ശ്രീലാലിനെ രക്ഷപ്പെടുത്തിയത്. ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. എഴുന്നള്ളത്തിനു ശേഷം ക്ഷേത്രപരിസരത്ത് വിശ്രമിക്കാൻ തളച്ചിരുന്ന ആനയെയാണ് ശ്രീലാൽ പഴം നൽകി വശത്താക്കാൻ ശ്രമിച്ചത്. സെൽഫിയെടുക്കുന്നതിനിടെ വിരണ്ട ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ഇയാളെ കുത്തുകയായിരുന്നു. തുടയിൽ കുത്തേറ്റെങ്കിലും ശ്രീലാൽ രക്ഷപ്പെട്ടു. പാപ്പാൻമാർ ഉറങ്ങിയ തക്കംനോക്കിയാണ് ഇയാൾ ആനയുടെ അടുത്തെത്തിയത്.

നിലവിളി കേട്ടെത്തിയ നാട്ടുകാരും ക്ഷേത്രഭാരവാഹികളും ചേർന്നാണ് ശ്രീലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പുത്തൻകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മോദിയെന്ന ആനയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here