വെടിവഴിപാട് നിരോധിച്ചത് ശബരിമലയെ തകർക്കാനെന്ന് അജയ് തറയിൽ; പത്തനംതിട്ട ജില്ലാ കളക്ടർക്കെതിരെ ദേവസ്വം ബോർഡ്; സുരക്ഷ ഉറപ്പു വരുത്താതെ അനുമതി നൽകാനാകില്ലെന്ന് കളക്ടർ

പത്തനംതിട്ട: ശബരിമലയിൽ വെടിവഴിപാട് നിരോധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. വെടിവഴിപാട് നിരോധിച്ച നടപടി ശബരിമലയെ തകർക്കാൻ വേണ്ടിയാണെന്ന് ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ പറഞ്ഞു. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. എന്നാൽ, സുരക്ഷ ഒരുക്കാതെ അനുമതി നൽകാനാകില്ലെന്ന് കളക്ടർ തിരിച്ചടിച്ചു. ലൈസൻസ് പുതുക്കിയാലും എൻഒസി ലഭിക്കാതെ വെടിവഴിപാട് നടത്താനാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർ ദേവസ്വം കമ്മീഷണർക്ക് കത്തയച്ചു. വനംവകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ എൻഒസി നിർബന്ധമാണെന്നും കളക്ടർ വ്യക്തമാക്കി.

ശബരിമലയിൽ വെടിക്കെട്ടിനു പത്തനംതിട്ട ജില്ലാ കളക്ടർ എസ്.ഹരികിഷോർ താത്കാലിക സ്റ്റേ ഏർപ്പെടുത്തിയിരുന്നു. സന്നിധാനത്ത് വെടിവഴിപാട് നടത്തുന്നത് അപകടരമായ സാഹചര്യത്തിലാണെന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തിൽ പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും അഭിപ്രായങ്ങൾ തേടിയ ശേഷമാണു കളക്ടർ നടപടി സ്വീകരിച്ചത്.

ദേവസ്വം ബോർഡിനു ശബരിമലയിൽ വെടിമുരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് കാലാവധി മാർച്ച് 31ന് അവസാനിച്ചുവെന്നും ഇക്കാര്യം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറെ അറിയിച്ചപ്പോൾ വളരെ നിഷേധാത്മകമായ സമീപനമാണുണ്ടായതെന്നും ജില്ലാ പോലീസ് മേധാവി കളക്ടർക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News