കൊച്ചി: ജാതകത്തിലെ പൊരുത്തക്കേടുകള്‍, സോഷ്യല്‍മീഡിയയുടെ ഇടപെടല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് തകര്‍ന്നത് 19,028 കുടുംബങ്ങള്‍. സ്ഥിരമായ വേര്‍പിരിയലുകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കുമായി സമൂഹത്തിലെ ഉന്നതരും പ്രശസ്തരും ഉള്‍പ്പെടെയുള്ളവര്‍ വിവിധ കുടുംബകോടതികളില്‍ കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്.
പത്തു വര്‍ഷം കൊണ്ട് കേരളത്തിലെ വിവാഹമോചന കേസുകളുടെ എണ്ണം നാലിരട്ടിയായി. സാമൂഹിക മാധ്യമങ്ങളുുടെ ദുരുപയോഗവും മൊബൈല്‍ ഫോണുകളും അടുത്തിടെയുണ്ടായ ഒട്ടുമിക്ക വിവാഹമോചന കേസുകളിലും പ്രതിസ്ഥാനത്തുണ്ട്. ഇതിനുപുറമേ പ്രണയബന്ധങ്ങള്‍, സ്ത്രീധനം, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ഈഗോ പ്രശ്‌നങ്ങള്‍ എല്ലാം വിവാഹമോചനക്കേസുകളിലേക്കെത്തിക്കുന്നുവെന്ന് മംഗളം ദിനപത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്യപാനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, കടബാധ്യതകള്‍, ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ കാട്ടുന്ന മേല്‌ക്കോയ്മ, ഇരുകുടുംബങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം, ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ലൈംഗിക ബന്ധത്തില്‍ താല്‍പര്യക്കുറവ്, സംശയ രോഗങ്ങള്‍, ഭര്‍ത്താവില്‍ നിന്നുള്ള പീഡനം ഉള്‍പ്പെടെ പലതും വിവാഹമോചന തീരുമാനത്തിലെത്തിക്കുന്നു.
നവദമ്പതികള്‍ പോലും പരസ്പരം പറഞ്ഞുതീര്‍ക്കാവുന്ന നിസാര കുടുംബപ്രശ്‌നങ്ങള്‍ക്ക് വരെയും കോടതിയെ സമീപിക്കുന്ന പ്രവണത കേരളത്തില്‍ കണ്ടുതുടങ്ങിയെന്നും അഭിഭാഷകരെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
2,968 കേസുകള്‍ ഫയല്‍ ചെയ്ത തിരുവനന്തപുരം ജില്ലയാണ് കണക്കുകളില്‍ മുമ്പില്‍. 2,315 കേസുകളുമായി എറണാകുളം തൊട്ടുപിന്നിലുണ്ട്. വയനാടാണ് കേസുകളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ 239 കേസുകള്‍.കൊല്ലം 2,166, പത്തനംതിട്ട 1,165, കോട്ടയം 1,151, ആലപ്പുഴ 1,614, ഇടുക്കി 504, തൃശൂര്‍ 1,988, പാലക്കാട് 1,090, കോഴിക്കോട് 1,326, മലപ്പുറം 641, കണ്ണൂര്‍ 1269, കാസര്‍ഗോഡ് 392 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം.
1976ലെ വിവാഹമോചന നിയമ ഭേദഗതി പ്രകാരം രണ്ടു വര്‍ഷത്തോളം എടുത്തിരുന്ന കേസുകളുടെ കാലാവധി ഒരു വര്‍ഷമായി കുറയുകയും, പരസ്പര സമ്മത പ്രകാരമുള്ള ഹര്‍ജിയാണെങ്കില്‍ കുടുംബ കോടതികളില്‍ത്തന്നെ തീരുമാനമെടുക്കാവുന്നതും വേര്‍പിരിഞ്ഞിരിക്കുന്നതിന്റെ കാലാവധി ഒരു വര്‍ഷം മതിയെന്നുമൊക്കെയുള്ള തീരുമാനങ്ങള്‍ ആയിരിക്കാം വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകാന്‍ കാരണമെന്നും പറയപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here