കഷണ്ടി കയറുന്നുണ്ടോ; ഒഴിവാക്കാന്‍ മാര്‍ഗ്ഗമുണ്ട്; അധികം ചിലവില്ലാതെ

യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കഷണ്ടി. പ്രായമേറുമ്പോള്‍ വന്നുചേര്‍ന്നേക്കാവുന്ന ഒന്നാണ് കഷണ്ടി. ഇത് നേരത്തെ എത്തിയാല്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷവും ചെറുതല്ല. ചിലപ്പോള്‍ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ക്ക് പോലും കഷണ്ടി തടസം സൃഷ്ടിച്ചേക്കാം. കഷണ്ടി മാറിക്കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കുന്നില്ലേ. എങ്കില്‍ ചില വഴികളുണ്ട്. അല്‍പം സമയം കണ്ടെത്തുകയും ശ്രദ്ധിക്കുകയും ചെയ്താല്‍ കഷണ്ടിയെ പ്രതിരോധിക്കാം.

കഷണ്ടിയുടെ പ്രധാന കാരണം പ്രൊട്ടീന്റെ ലഭ്യതയിലുള്ള കുറവാണ്. ആവശ്യമായ പ്രൊട്ടീന്‍ ലഭിച്ചില്ലെങ്കില്‍ അത് മുടി കൊഴിച്ചിലിന് കാരണമാകും. പ്രൊട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഭക്ഷണക്രമത്തില്‍ പ്രൊട്ടീന്‍ അടങ്ങിയ മത്സ്യം, മാംസം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കണം.

മറ്റൊരു പ്രധാന പ്രശ്‌നമാണ് എണ്ണയുടെ ഉപയോഗം. എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ പുരുഷന്മാര്‍ അല്‍പം പുറകിലാണ്. അതുകൊണ്ടുതന്നെ എണ്ണ ഉപയോഗിക്കുന്നത് ശീലമാക്കണം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും തലയില്‍ എണ്ണ തേച്ചുള്ള കുളി നല്ലതാണ്.

വിയര്‍പ്പാണ് മറ്റൊരു പ്രശ്‌നം. എപ്പോഴും തല വിയര്‍ത്തിരിക്കുന്നത് മുടി കൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകും. കറ്റാര്‍ വാഴ അടങ്ങിയ ഷാമ്പൂ ഉപയോഗിച്ച് തല കഴുകുന്നത് വിയര്‍പ്പ് കുറയാന്‍ ഇടയാക്കും. ഇത് മുടികൊഴിച്ചില്‍ തടയാന്‍ ഗുണകരമാണ്.

വെളുത്തുള്ളി, ഇഞ്ചി എന്നിവയില്‍ ഏതിന്റെയെങ്കിലും നീര് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിന് കഷണ്ടിയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉറങ്ങുംമുമ്പ് ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി രാവിലെ കഴുകി കളയുന്നത് നല്ലതാണ്.

ഗ്രീന്‍ ടീ ഹൃദയത്തിന് മാത്രമല്ല, മുടിക്കും നല്ലതാണ്. ഗ്രീന്‍ ടീ ഇടയ്ക്ക് തലയില്‍ പുരട്ടണം. തണുത്ത വെള്ളത്തില്‍ മുക്കിവെച്ച ഗ്രീന്‍ ടീ ഉപയോഗിച്ച് തല കഴുകാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

കഷണ്ടിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആയുര്‍വേദ പ്രതിവിധിയാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇല കുഴമ്പാക്കി തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയും. ഒപ്പം കഷണ്ടിയെ പ്രതിരോധിക്കുകയും ചെയ്യാം.

തേങ്ങാപ്പാലും വെളിച്ചെണ്ണയും മുടി വളരുന്നതിന് ഉത്തമമാണ്. രണ്ടും പ്രകൃതി ദത്തവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും എളുപ്പം ലഭ്യവുമാണ്. ഇത് രണ്ടും പ്രത്യേകമായി ഉപയോഗിക്കുന്നത് മുടികൊഴിച്ചിലും കഷണ്ടിയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

ഏറ്റവും ചെലവുകുറഞ്ഞതും ലളിതവുമാണ് മുട്ട ഉപയോഗിച്ചുള്ള കേശസംരക്ഷണം. മുട്ടയുടെ വെള്ളയ്ക്ക് മുടിയെ സംരക്ഷിക്കാനുള്ള കരുത്തുണ്ട്. ഇതുപയോഗിച്ച് കഷണ്ടിയെയും പ്രതിരോധിക്കാം.

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന മറ്റൊരു പ്രതിരോധ മാര്‍ഗ്ഗമാണ് വിനാഗിരി ഉപയോഗിച്ചുള്ള പ്രതിരോധ മാര്‍ഗ്ഗം. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും മറ്റ് എന്‍സൈമുകളും കഷണ്ടിയെയും മുടികൊഴിച്ചിലിനെയും പ്രതിരോധിക്കും. ഒപ്പം തലയിലെ താരനെ അകറ്റാനുള്ള ശേഷിയും വിനാഗിരിയിലെ ഘടകങ്ങള്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News