ടോക്യോ: ജപ്പാനിലുണ്ടായ വൻ ഭൂചലനത്തിൽ 9 പേർ മരിച്ചു. ആയിരത്തിനടുത്ത് ആളുകൾക്ക് പരുക്കേറ്റു. റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി പ്രാദേശിക സമയം 9.30ഓടെയാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടാകുമെന്നാണ് നിഗമനം. 1,600 ഓളം സൈനികരെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ഏറ്റവുമധികം നാശം വിതച്ചതും കുമമോട്ടോ പട്ടണത്തിലാണ്. സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 7 മൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ സുനാമി ഭീഷണി ഇല്ലെന്നു അധികൃതർ അറിയിച്ചു. ശക്തമായ പ്രകമ്പനം ഉണ്ടായതായി ദൃക്‌സാക്ഷികൾ അറിയിച്ചു. ശക്തമായ കമ്പനത്തോടുകൂടി കെട്ടിടങ്ങൾ തകർന്നുവീഴുകയായിരുന്നു. ഭൂകമ്പത്തെ തുടർന്ന് നഗരത്തിലെ ആയിരക്കണക്കിന് ആളുകൾ തുറസ്സായ പ്രദേശത്താണ് കഴിയുന്നത്.
കുമമോട്ടോ നഗരത്തിൽ നിന്നു മാത്രം 33,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ പ്രകാരം 19 വീടുകൾ തകർന്നു വീണതായാണ് വിവരം. നൂറുകണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രിയായതിനാൽ ടരക്ഷാപ്രവർത്തനം ദുഷ്‌കരമായി. മരിച്ചവരിൽ ഒരാൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ശേഷമാണ് മരിച്ചത്. മറ്റൊരാൾ തീപ്പിടുത്തത്തിലാണ് മരിച്ചത്. ഒരാളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post