എസ്എൽ പുരം സദാനന്ദന്റെ ജൻമവാർഷിക ദിനം

മലയാള നാടകവേദിയിലെ ബഹുമുഖ പ്രതിഭയായിരുന്നു എസ്.എൽ പുരം സദാനന്ദൻ. നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു. എസ്.എൽ പുരം സദാനന്ദന്റെ 90-ാമത് ജൻമവാർഷിക ദിനമാണ് ഇന്ന്. 1926 ഏപ്രിൽ 15ന് ആലപ്പുഴ ജില്ലയിലെ എസ്.എൽ പുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. 13-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി വിപ്ലവഗാനങ്ങൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് നാടകരചനയിലേക്കും അവിടെ നിന്നും പിന്നീട് ചലച്ചിത്ര തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം വളർന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2005 സെപ്തംബർ 16നു അന്തരിച്ചു.

നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു. ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ 17 വയസ്സു മാത്രമായിരുന്നു പ്രായം. കൽപനാ തിയ്യറ്റേഴ്‌സിന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ഒരാൾ കൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യൻ, യാഗശാല എന്നിവയായിരുന്നു കൽപനാ തിയ്യറ്റേഴ്‌സിന്റെ നാടകങ്ങൾ. പിന്നീട് സുര്യസോമ തിയ്യറ്റേഴ്‌സ് സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്തെ ഏറെ ജനപ്രിയ നാടകങ്ങളിലൊന്നായ കാട്ടുകുതിര അരങ്ങിലെത്തിച്ചു. കാക്കപ്പൊന്ന് എന്ന നാടകത്തിന് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

മലയാളചലച്ചിത്രങ്ങളുടെ തിരക്കഥാരചനയിലും എസ്.എൽ. പുരം സജീവമായിരുന്നു.1965-ൽ ചെമ്മീനുവേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. 1967ൽ അഗ്‌നിപുത്രിയുടെ രചനയിലൂടെ മലയാളസിനിമയ്ക്ക് ആദ്യമായി നല്ല തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ഇദ്ദേഹത്തിലൂടെയാണ് മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്. നെല്ല്, യവനിക, ഒരു പെണ്ണിന്റെ കഥ, അഴിയാത്ത ബന്ധങ്ങൾ, എന്റെ കാണാക്കുയിൽ, കുഞ്ഞാറ്റക്കിളികൾ തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News