തിരുവനന്തപുരം: അവിഹിതബന്ധം നിലനിർത്താൻ മകളെയും ഭർതൃമാതാവിനെയും കൊന്ന കേസിൽ ടെക്‌നോപാർക്ക് ജീവനക്കാരി അനുശാന്തിയും കാമുകൻ നിനോ മാത്യുവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. പ്രതികൾക്ക് എന്തുശിക്ഷ നൽകണമെന്നതു സംബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് വാദം കേൾക്കും. പ്രതികൾ തമ്മിലുളള അവിഹിതബന്ധം നിലനിർത്തുന്നതിന് മകളെയും ഭർതൃമാതാവിനേയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
2014 ഏപ്രിൽ 16ന് ആണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം ഉണ്ടാകുന്നത്. അനുശാന്തിയുടെ ഭർതൃമാതാവ് ഓമന, മകൾ സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തുകയും ഭർത്താവ് ലിജീഷിനെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികളായ നിനോ മാത്യുവും അനുശാന്തിയും തമ്മിലുളള അവിഹിതബന്ധമാണ് അരുംകൊലയിൽ കലാശിച്ചത്. ഒന്നാംപ്രതിയായ നിനോ മാത്യു ഓമനയേയും സ്വാസ്തികയേയും തലയ്ക്കടിച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ലിജീഷിന് മാരകമായി മുറിവേറ്റെങ്കിലും ഒരുവിധം രക്ഷപ്പെടുകയായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തത് ഇരുവരും ചേർന്നായിരുന്നു. ഇതിനായി വീടിന്റെ വിവിധ ചിത്രങ്ങൾ അനുശാന്തി വാട്‌സ്ആപ്പ് വഴി നിനോ മാത്യുവിന് കൈമാറിയിരുന്നു. ഇരുവരുടെയും പ്രണയം മുതൽ കൊല ആസൂത്രണം ചെയ്യുന്നതിലുള്ള പങ്ക് തെളിയിക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കി. 49 സാക്ഷികളെയും 41 തൊണ്ടിമുതലുകളും കോടതി തെളിവായി സ്വീകരിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post