തൃശ്ശൂർ: തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണം. പൂരം ഭംഗിയായി തന്നെ നടത്തും. ആഘോഷങ്ങൾക്കൊപ്പം സുരക്ഷയും പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂരിൽ ദേവസ്വം പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവിയിൽ വർണപ്പൊലിമയുള്ള വെടിക്കെട്ട് നടത്താൻ ശ്രമിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശബ്ദതീവ്രത പരമാവധി കുറയ്ക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പരവൂർ ദുരിതാശ്വാസ സഹായനിധിയിലേക്ക് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി 5 ലക്ഷം രൂപ നൽകും.
ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്നു നടക്കും. പൂരം രാത്രികാല വെടിക്കെട്ടിനു നിരോധനം ഏർപ്പെടുത്തിക്കൊണ്ടു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ തുടർന്ന് സാമ്പിൾ വെടിക്കെട്ട് ആശങ്കയിലായിരുന്നു. വെടിക്കെട്ടിന് ഇളവ് അനുവദിച്ച് ഇന്നലെ ഹൈക്കോടതി വിധിയുണ്ടായ സാഹചര്യത്തിലാണ് സാമ്പിൾ വെടിക്കെട്ട് നടത്തുന്ന കാര്യത്തിലും തീരുമാനമായത്. സാമ്പിൾ വെടിക്കെട്ട് പാരമ്പര്യ പ്രകാരം നടത്തുമെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു. വെടിക്കെട്ട് പരമ്പരാഗത രീതിയിൽ തന്നെ നടത്തുമെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണ് പൂരം വെടിക്കെട്ടിനു ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post