വൈവാഹിക ആചാരങ്ങൾ പോലും വ്യത്യസ്തമാകുമ്പോൾ ഹിന്ദുക്കൾ എങ്ങനെ പൊതു മൂല്യവ്യവസ്ഥ പങ്കുവെക്കുന്നവരാകും?

ശ്രീരാമൻ അശ്വമേധയാഗത്തിന്റെ ഭാഗമായി അഴിച്ചുവിട്ട അശ്വം ഒരിടത്തും പിടിച്ചുകെട്ടെപ്പടാതെ വിജയശ്രീലാളിതനായി അയോധ്യയിൽ തിരിച്ചെത്തിയതോടെ പുതിയൊരു ഹിന്ദുജനിച്ചുവീണു എന്നാണ് വി.ഡി സവർക്കർ എഴുതിയിരിക്കുന്നത്. അതിനെ പിന്തുടർന്നാണ് ഇന്ത്യൻ ദേശീയത എന്നത് രാമായണകാലം മുതൽ നിലനിന്നുവരുന്ന ഒന്നാണെന്നും ഹിന്ദു എന്നത് ഒരു മതമല്ല; ഡോ.എസ്.രാധാകൃഷണൻ പറഞ്ഞതുപോലെ മതങ്ങളുടെ ഒരു കോമൺവെൽത്താണെന്നും ആർഎസ്എസുകാർ അവകാശപ്പെടുന്നത്. ആർഎസ്എസ് സൈദ്ധാന്തികനായ എം.ജി വൈദ്യ ഇപ്പോൾ അവകാശപ്പെടുന്നത് പൊതുവായി പങ്കുവെയ്ക്കപ്പെടുന്ന ഒരു മൂല്യവ്യവസ്ഥയുണ്ടായാൽ അതൊരു ദേശീയതയാണെന്നും ദേശീയതരൂപം കൊള്ളുന്നതിന് ഏകഭാഷയോ ഏകമതമോ ഒന്നും ആവശ്യമില്ലെന്നുമാണ്. പൊതുവായ ഒരു ഭാഷയില്ലാതെ, പൊതുവായ ഒരു സംസ്‌കാരത്തിനൊ, പങ്കുവെക്കപ്പെടുന്ന ഒരു പൊതുമുല്യവ്യവസ്ഥയ്‌ക്കോ രൂപപ്പെടാനാവില്ല.


ഹിന്ദുത്വവാദികൾ പൊതുമൂല്യവ്യവസ്ഥയുടെ ഭാഗമായി വിവരിക്കുന്ന വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഒക്കെ എഴുതപ്പെട്ടിട്ടുള്ളത് സംസ്‌കൃതത്തിലാണ്. സംസ്‌കൃതഭാഷാ പഠനവും വേദാധ്യയനവുമൊക്കെ ശൂദ്രർക്കും അതിനുതാഴെയുള്ള ജാതിക്കാർക്കും നിഷേധിക്കപ്പെട്ടിരുന്നുവെന്ന് മനുസ്മൃതി തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവയൊക്കെ അന്ന് ത്രൈവർണികരുടെ മാത്രം സ്വത്തായിരുന്നു. ഭൂരിപക്ഷജനതയ്ക്ക് ഇതൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. അതായത് ഈ മൂല്യവ്യവസ്ഥയിൽ അവർക്ക് പങ്കുണ്ടായിരുന്നില്ല.


ഭക്തിപ്രസ്ഥാനകാലത്താണ് വേദപുരാണേതിഹാസങ്ങളുടെ ഭാഷാന്തരങ്ങൾ വിവിധ പ്രാദേശിക ഭാഷകളിൽ വരുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം പരിഭാഷ ഇതിനുദാഹരണമാണ്. ഭക്തിപ്രസ്ഥാനം രൂപം കൊള്ളന്നത് ഇസ്ലാമിക-ക്രിസ്ത്യൻ മതങ്ങളുടെ കൂടെ സ്വാധീനത്തിന്റെ ഭാഗമായിട്ടാണ്. ഭക്തിപ്രസ്ഥാനാനന്തരം മാത്രമാണ് എല്ലാ ഭാഷകളിലുമുള്ള അഭ്യസ്തവിദ്യരായ ഒരു പിടി ആളുകളുടെ പൊതുസംസ്‌കാരത്തിലേക്ക് ഇന്ന് അറിയപ്പെടുന്ന പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളുമൊക്കെ കടന്നുവരുന്നത്. അതായത് നാലോ അഞ്ചോ നൂറ്റാണ്ടുകളുടെ പഴക്കം മാത്രമാണ് ആധുനിക ഹിന്ദുമതത്തിനുള്ളത്. അതിൽ തന്നെ ദളിതരോ ആദിവാസികളൊ ഉൾപ്പെടുന്നുമില്ല. അവർക്കൊന്നും തന്നെ ഹിന്ദുമുഖ്യധാരാ ദൈവങ്ങളുമായും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും മൂല്യവ്യവസ്ഥയുമായും യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മുസ്ലിംകളും ക്രിസ്ത്യാനികളും ഈ മൂല്യവ്യവസ്ഥ പങ്കുവെക്കുന്നവരാണെന്ന് ഹിന്ദുത്വവാദികൾ തന്നെ അവകാശപ്പെടുന്നുമില്ല.

ഇന്ത്യയിലെ ആദിവാസികൾ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉടമകളായിരുന്നു. വേദസംസ്‌കാരത്തിന്റെ ഉടമകൾ പുറമെ നിന്നുവന്ന ആര്യന്മാരാണ്. ആര്യന്മാർ ദേശാടനക്കാരായ ഇടയജീവിതം നയിച്ചുവന്നിരുന്നവരായിരുന്നു. സിന്ധുനദീതടവാസികളാവട്ടെ സ്ഥിരതാമസക്കാരും കൃഷിക്കാരും ഒക്കെയായിരുന്നു. അവരിൽ പ്രമുഖമായ വിഭാഗത്തെയാണ് ദ്രാവിഡർ എന്ന് പിന്നീട് വിളിക്കപ്പെട്ടത്. ആര്യന്മാരാവട്ടെ വർഗരഹിത സമൂഹത്തിൽ നിന്ന് വർഗസമൂഹത്തിലേക്കുള്ള പരിവർത്തനദശയിലായിരുന്നു. സിന്ധുനദീതടം കൈയടക്കിയ ഇവർ അവിടെ നിന്ന് വടക്കു പടിഞ്ഞാറോട്ടും പിന്നീട് ഗംഗാനഗീതീരത്തേക്കും വടക്കുകിഴക്കൻ പ്രദേശത്തേക്കുമൊക്കെ വ്യാപിച്ചു. പ്രാദേശിക ജനവിഭാഗങ്ങളുമായി ഏറ്റുമുട്ടിയും കീഴ്‌പ്പെടുത്തിയുമാണ് ഈ വ്യാപനം നടത്തുന്നത്. ഈ ഏറ്റമുട്ടലുകളൊക്കെ ഋഗ്വേദത്തിലും മറ്റു വേദങ്ങളിലുമൊക്കെ പ്രതിഫലിച്ചിട്ടുണ്ട്.

ഈ കാലത്തെ മതത്തെയാണ് വൈദികമതം എന്നറിയപ്പെടുന്നത്. ദയാനന്ദസരസ്വതിയും ഇപ്രകാരം പരാമർശിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ദേവന്മാരും അസുരന്മാരുമൊക്കെ വേദങ്ങളിലെ ദൈവങ്ങളായിരുന്നെങ്കിൽ പിന്നീട് അസുരന്മാർ തരംതാഴ്ത്തപ്പെടുകയും അവരെ പൈശാചിക ശക്തികളായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. പ്രാദേശികരായ ദ്രാവിഡജനതയാവട്ടെ രാക്ഷസന്മാരായും ചിത്രീകരിക്കപ്പെട്ടു. വേദകാല ആര്യന്മാർ ബഹുദൈവവിശ്വാസികളാണ്. പ്രകൃതി ശക്തികളുടെ പ്രതീകങ്ങളെയാണ് അവർ ദൈവങ്ങളായി ആരാധിച്ചിരുന്നത്. കേന്ദ്രസ്ഥാനത്തുനിന്നത് ഇന്ദ്രനായിരുന്നു. അന്ന് ക്ഷേത്രങ്ങളൊ, പൂജാരികളോ, പുനർജന്മവിശ്വാസമോ ഉണ്ടായിരുന്നില്ല. ശരീരത്തിൽ നിന്ന് ആത്മാവിനെ മാറ്റിനിർത്തി കാണുന്ന സ്ഥിതിയും അന്നുണ്ടായിരുന്നില്ല. അത് പിന്നീടാണ് വികസിച്ചുവന്നത്. ചുരുക്കിപ്പറഞ്ഞാൽ വൈദികമതം പ്രതിഫലിപ്പിച്ചത് ആര്യസമൂഹത്തിന്റെ പരിവർത്തന ഘട്ടത്തെയായിരുന്നു. അത് ഉൽകണ്ഠപ്പെട്ടതാകട്ടെ മരണാനന്തര ജീവിതത്തെ കുറിച്ചല്ല മറിച്ച് ഭൗതികജീവിതത്തെ കുറിച്ചായിരുന്നു.


ആര്യന്മാർ സ്ഥിരതാമസക്കാരായി മാറുകയും കൃഷി ചെയ്യാൻ ആരംഭിക്കുകയും ചെയ്തതോടെ അവർക്കിടയിൽ നാടുവാഴികളും രാജാക്കന്മാരുമൊക്കെ ഉയർന്നുവന്നു. ബിസി ആദ്യ സഹസ്രാബ്ദത്തിന്റെ തുടക്കത്തിലാണിത് സംഭവിക്കുന്നത്. ഇതോടെ വൈദിക മതം ബ്രാഹ്മണമതത്തിന് വഴിമാറി. ബ്രാഹ്മണർ വേദാഭ്യാസം സിദ്ധിച്ചവരും അതിൽ പ്രാവീണ്യം നേടിയവരുമായിരുന്നു. അതുവഴി ജനങ്ങളുടെ ആത്മീയവ്യാപാരങ്ങളിൽ ഉണ്ടാക്കാനായ സ്വാധീനം അധികാരസ്ഥാനങ്ങളിലെ സ്വാധീനമാക്കി മാറ്റുന്നതിന് അവർക്ക് കഴിഞ്ഞു. ബിസി അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതായി കരുതപ്പെടുന്ന മനുസ്മൃതി ഇതൊക്കെ ക്രോഡീകരിച്ച് രാജ്യത്തെ നിയമവ്യവസ്ഥയാക്കിമാറ്റി. ഇതോടൊപ്പം തന്നെ വേദകാലദൈവങ്ങളിൽ പലതും പാർശ്വവത്കരിക്കപ്പെടുകയും അവരുടെ സ്ഥാനം പുതിയ ബ്രാഹ്മണദൈവങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. ആര്യൻ അധിനിവേശത്തിന് കീഴ്‌പ്പെട്ട പ്രാദേശിക ജനവിഭാഗങ്ങൾ അവരുമായി ഉൾച്ചേരുകയും അവരുടെ ദൈവങ്ങളും ബ്രാഹ്മണദൈവങ്ങളുമായി ഇടകലരുകയും ചെയ്തു. യാദവനായ, കറുത്ത വർഗക്കാരനായ, കൃഷ്ണൻ ഹിന്ദുദൈവമായി മാറുന്നത് ഈ പ്രക്രിയയിലാണ്. ജാതിവ്യവസ്ഥ രൂപം കൊള്ളുകയും അത് കൂടുതൽ കർക്കശമായിത്തീരുകയും ചെയ്തതോടെ ദൈവങ്ങൾ പലതും ജാതി ദൈവങ്ങളായും മാറി.


ഉപനിഷത്തുകളുടെ കാലമാണ് ബ്രാഹ്മണമതത്തിന്റെ കാലമായി അറിയപ്പെടുന്നത്. ഉപനിഷത്കാലഘട്ടത്തിലാണ് ആത്മാവ് ശരീരത്തിൽ നിന്ന് വേർപ്പെടുത്തപ്പെട്ടതും ആത്മാവിന് മോക്ഷം ലഭിക്കലിന് പ്രാധാന്യം സിദ്ധിച്ചതും. കർമം പുനർജന്മലബ്ധിക്കുള്ള താത്വികാടിത്തറയായി മാറുകയും ചെയ്തു. അക്കാലത്താണ് ഷഡ് ദർശനങ്ങൾ രൂപം കൊള്ളുന്നത്. ബ്രഹ്മവുമായി ആത്മാവിനെ ലയിപ്പിക്കുന്ന വേദാന്തമായിരുന്നു ബ്രാഹ്മണാധിപത്യത്തിന്റെ ദർശനമെങ്കിൽ അക്കാലത്ത് ബ്രാഹ്മണരുമായി മത്സരിച്ചിരുന്ന ക്ഷത്രിയരുടെ പക്ഷപാതം സാംഖ്യദർശനത്തോടായിരുന്നു. അതാവട്ടെ ഭൗതികവാദവുമായി ഏറെ അടുത്തുനിന്നിരുന്ന ഒരു ദർശനവുമായിരുന്നു. അക്കാലത്തുതന്നെയാണ് ദൈവത്തെ പോലും നിഷേധിക്കുന്ന ചാർവാകലോകായതദർശനങ്ങളും രൂപംകൊണ്ടത്. ഇത് ബ്രാഹ്മണാധിപത്യത്തെയും പൗരോഹിത്യത്തേയും എതിർക്കുന്ന സാധാരണ ജനതയുടെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചിരുന്നത്.
ബിസി ആറും അഞ്ചും നൂറ്റാണ്ടുകളിൽ ജാതിമേധാവിത്വത്തിനും ബ്രാഹ്മണാധിപത്യത്തിനും എതിരുനിന്നിരുന്ന ജനങ്ങൾ ബുദ്ധജൈന മതങ്ങൾക്കുപിന്നിൽ അണിനിരക്കാനാരംഭിച്ചതേടെ ബ്രാഹ്മണമേധാവിത്വത്തിന് കോട്ടം തട്ടി. ബുദ്ധജൈന മതങ്ങൾ സംഘടിത പൗരോഹിത്യത്തേയും ജാതിവ്യവസ്ഥയേയും തള്ളിക്കളഞ്ഞു. ബിസി മൂന്നും രണ്ടും നൂറ്റാണ്ടുകളായതോടെ അത് മൗര്യ-കുഷാന രാജവംശങ്ങളുടെ ഔദ്യോഗിക മതമായി മാറി.

Thailand, Buddhists, Monks, And, Novices, Meditate
തുടർന്ന് ആദിശങ്കരാചാര്യരുടെ നേതൃത്വത്തിലാണ് ബ്രാഹ്മണമേധാവിത്വം ബുദ്ധമതത്തിൽ നിന്ന് മേധാവിത്വം തിരിച്ചു പിടിക്കുന്നത്. ബുദ്ധമതാനുയായികളാണ് ആദ്യമായി ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നത്. എന്നാൽ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ വിജയം നേടിയ ബ്രാഹ്മണരും വലിയ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും അതിൽ വലിയ പ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. തീർത്ഥാടനങ്ങൾ, ഉത്സവങ്ങൾ എന്നിവ നടത്തി ഹിന്ദുമതവിശ്വാസത്തെ ജനകീയമാക്കാനുള്ള ശ്രമം ആരംഭിക്കുന്നതും ഇക്കാലത്താണ്. ഇതിഹാസ കഥാപാത്രങ്ങളായ ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ വിഷ്ണുവിന്റെ അവതാരങ്ങളായി ചിത്രീകരിക്കപ്പെട്ടു എന്നുമാത്രമല്ല തോൽപിച്ചോടിച്ച ബുദ്ധമതസ്ഥാപകനായ ബുദ്ധനെ വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു.
ഇതൊക്കെ കാണിക്കുന്നത് എംജി വൈദ്യ പറയുന്നതുപോലെ ഹിന്ദുമതം എന്നത് പൊതുവായി പങ്കുവെക്കപ്പെടുന്ന ഒരു മൂല്യവ്യവസ്ഥ അല്ല എന്നാണ്. കാലാകാലങ്ങളിൽ പരസ്പരം ഏറ്റുമുട്ടുകയും പരാജയപ്പെടുത്തപ്പെട്ടതിനെ ബലം പ്രയോഗിച്ചും അല്ലാതെയുമൊക്കെ ഉൾച്ചേർക്കുകയും ചെയ്താണ് ഇന്നത്തെ ഹിന്ദുമതം രൂപപ്പെട്ടത് എന്നാണ്. അതിൽ തന്നെ ദളിത് ആദിവാസി വിഭാഗങ്ങളെ ഒരു കാലത്തും ഹിന്ദുമതം ഉൾക്കൊണ്ടിട്ടില്ല. ഏറ്റവും പ്രാഥമികമായ വൈവാഹിക ആചാരങ്ങൾ പോലും വ്യത്യസ്തത പുലർത്തുന്ന ഹിന്ദുക്കൾ എങ്ങനെയാണ് ഒരു പൊതുവായ മൂല്യവ്യവസ്ഥ പങ്കുവെക്കുന്നവരാകുന്നത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News