ദില്ലി: ഇന്ത്യ-പാകിസ്താൻ സമാധാന ചർച്ചയിൽ നിലപാട് മാറ്റി പാകിസ്താൻ. ഇന്ത്യയുമായുള്ള സമാധാനചർച്ചകൾ തുടരുമെന്ന് പാകിസ്താൻ അറിയിച്ചു. ചർച്ചകൾ നിർത്തിവച്ചതായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ നിലപാടറിയിച്ച് ഒരാഴ്ചയ്ക്കകമാണ് പാകിസ്താൻ നിലപാട് മാറ്റിയത്. കൂടിയാലോചനകൾക്കുള്ള വാതിൽ തുറന്നുകിടക്കുകയാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ചർച്ചകളാണ് ഏറ്റവും നല്ല മാർഗം. രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾക്കും ചർച്ചകൾക്കുമുള്ള മാർഗമാണ് നയതന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ സെക്രട്ടറിതല ചർച്ചകൾ തുടരണം. എന്നാൽ, ചർച്ചകളിൽ മുൻ ധാരണകളോ തീരുമാനങ്ങളോ ഉണ്ടാകാൻ പാടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നല്ലബന്ധം തുടരുന്നുണ്ട്. എല്ലാ നടപടിക്രമങ്ങളും നടപ്പായാൽ സെക്രട്ടറിതല ചർച്ചകളും മുടക്കം കൂടാതെ നടക്കുമെന്നും നഫീസ് പറഞ്ഞു.
ഇന്ത്യയുമായുള്ള സമാധാനചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി ഹൈക്കമ്മീഷണർ അബ്ദുൽ ബാസിത് അറിയിച്ചിരുന്നു. സെക്രട്ടറിതല ചർച്ചകൾ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജനുവരി രണ്ടിന് പഠാൻകോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ മാറ്റിവയ്ക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post