തിരുവനന്തപുരം: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന ദിവസം പ്രധാനമന്ത്രി മണിക്കൂറുകൾക്കകം നടത്തിയ സന്ദർശനത്തെ എതിർത്തിരുന്നതായി ഡിജിപി ടി.പി സെൻകുമാർ. പ്രധാനമന്ത്രിയുടെ വരവ് അറിയിക്കാൻ തന്നെ ബന്ധപ്പെട്ട എസ്പിജി ഉദ്യോഗസ്ഥരെ താൻ അറിയിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞ് സന്ദർശിച്ചാൽ മതിയെന്ന് അറിയിച്ചിരുന്നതാണ്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, രണ്ടുപേരും തന്റെ ആവശ്യം തള്ളുകയായിരുന്നു. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് തങ്ങൾ എല്ലാവരും തിരക്കായിരുന്നതിനാലാണ് അന്നത്തെ ദിവസത്തെ സന്ദർശനം ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഡിജിപിയുടെ വെളിപ്പെടുത്തൽ.
പ്രധാനമന്ത്രി അന്നേദിവസം സന്ദർശിക്കാതിരിക്കുന്നതായിരുന്നു നല്ലതെന്ന് അദ്ദേഹത്തെ അറിയിച്ചു. പക്ഷേ, അദ്ദേഹത്തിന് അന്നുതന്നെ വരണമെന്ന് നിർബന്ധമായിരുന്നു. മുഴുവൻ പൊലീസ് സേനയും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. അതിരാവിലെ തുടങ്ങിയ ജോലിക്കിടയിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പോലും പറ്റാതെ പൊലീസ് വല്ലാതെ തളർന്നിരുന്നു. ധാരാളം ജോലികൾ ബാക്കി കിടക്കുന്നതിനിടയിൽ അവർക്കു കൂടി സുരക്ഷ ഒരുക്കേണ്ടതായി വന്നെന്നും ഡിജിപി പറഞ്ഞു.
സാധാരണഗതിയിൽ പ്രധാനമന്ത്രി വരുമ്പോൾ അതാത് വകുപ്പു സെക്രട്ടറിമാർ വഴി സർക്കാരിനെ അറിയിക്കുകയാണ് പതിവ്. എന്നാൽ അന്നത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് വിളിക്കുകയും അവിടെ നിന്ന് തന്നെ അറിയിക്കുകയുമായിരുന്നു. തുടർന്ന് എസ്പിജി തന്നെ വിളിച്ചപ്പോഴാണ് താൻ ഇതിനെ എതിർത്തത്. അന്നത്തെ തിരക്ക് പ്രമാണിച്ച് തിങ്കളാഴ്ച എത്തിയാൽ മതിയെന്നു താൻ പറഞ്ഞതാണ്. എന്നാൽ, അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിന്നതോടെ ഞങ്ങൾക്കു വഴങ്ങുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post