മുംബൈ: ട്രെയിനിൽ ഇഷ്ടപ്പെട്ട സീറ്റും ബർത്തും ലഭിക്കാതിരുന്നതിനെ തുടർന്ന് ശിവസേന എംഎൽഎ ഒരു മണിക്കൂറോളം ട്രെയിൻ തടഞ്ഞിട്ടു. നന്ദേഡിൽനിന്നുള്ള എംഎൽഎ ആയ ഹേമന്ത് പാട്ടീലാണ് സ്വന്തം ഇഷ്ടത്തിനു ട്രെയിനിന്റെ യാത്ര തന്നെ തടഞ്ഞത്.
മുംബൈ സിഎസ്ടിയിൽ നിന്ന് ബുധനാഴ്ച രാത്രി 9.10ന് പുറപ്പടേണ്ടിയിരുന്ന സെക്കന്തരാബാദ്-ദേവഗിരി എക്‌സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ എംഎൽഎയും അനുവദിച്ച സീറ്റിനു പകരം മറ്റു രണ്ടു സീറ്റുകൾ ആവശ്യപ്പെട്ടു. സെക്കൻഡ് എസി കോച്ചിലെ 35, 36 നമ്പർ സൈഡ് ബർത്തുകളാണ് ഇവർക്ക് അനുവദിച്ചിരുന്നതെങ്കിലും വേറെ സീറ്റ് അനുവദിച്ച് തരണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യം ടിടിഇ വിസമ്മതിച്ചതോടെ പുറപ്പെടാനൊരുങ്ങിയ ട്രെയിൻ ഇയാൾ അപായചങ്ങല വലിച്ച് എംഎൽഎ തടയുകയായിരുന്നു.
പലതവണ ട്രെയിൻ നീങ്ങിത്തുടങ്ങിയെങ്കിലും അപായചങ്ങല വലിച്ച് എംഎൽഎ വീണ്ടും യാത്ര തടഞ്ഞു. പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങാനാവാതെ 50 മിനിട്ടോളം യാത്ര മുടങ്ങിയ ട്രെയിൻ ഒടുവിൽ രാത്രി 10 മണിക്കാണ് സ്‌റ്റേഷൻ വിട്ടത്. രണ്ടായിരത്തോളം യാത്രക്കാരാണ് ഈ സമയമത്രയും ട്രയിനുള്ളിൽ കുടുങ്ങി കിടന്നത്. ദേവഗിരി എക്‌സ്പ്രസ് വൈകിയത് കാരണം സിഎസ്ടി വഴി കടന്നു പോകേണ്ടിയിരുന്ന രണ്ട് എക്‌സ്പ്രസ് ട്രെയിനുകളും നിരവധി ലോക്കൽ ട്രെയിനുകളും സമയം തെറ്റിയാണ് സർവ്വീസ് നടത്തിയത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. എന്നാൽ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ ശിവസേന വക്താവ് നീലം ഘോർഹെ വിസമ്മതിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post