തിരുവനന്തപുരം: പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം. ഇതിനുവേണ്ടിയാണ് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ട് അവഗണിച്ച് ഡിജിപിയോടു വീണ്ടും റിപ്പോർട്ട് തേടിയത്. തന്റെ റിപ്പോർട്ടിൽ നടപടി എടുത്തില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു പരാതി നൽകി. പൊലീസിനെ രക്ഷിച്ച് അതുവഴി ഉന്നത ഇടപെടൽ മറച്ചുവയ്ക്കാനാണ് തന്റെ റിപ്പോർട്ട് അവഗണിച്ചതെന്നാണ് നളിനി നെറ്റോ പരാതിയിൽ പറയുന്നത്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് കീഴുദ്യോഗസ്ഥനായ ഡിജിപിക്ക് കൈമാറിയത് തെറ്റാണെന്നും നളിനി നെറ്റോയുടെ പരാതിയിൽ പറയുന്നു.
വെടിക്കെട്ട് ദുരന്തത്തിൽ പൊലീസിനു വീഴ്ച പറ്റിയതായി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് ഡിജിപിക്കു കൈമാറിയ ആഭ്യന്തര മന്ത്രി ഡിജിപിയോടു പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. നളിനി നെറ്റോയുടെ റിപ്പോർട്ട് നടപ്പാക്കിയാൽ പൊലീസ് കുടുങ്ങുമായിരുന്നു. പൊലീസ് കുടുങ്ങിയാൽ സ്വാഭാവികമായും പൊലീസിൽ സമ്മർദം ചെലുത്തിയ ഉന്നതരും കുടുങ്ങും. ഇത് ഒഴിവാക്കാനാണ് ഡിജിപിയോടു പുതിയ റിപ്പോർട്ട് തേടിയത്. ഇതിലാണ് നളിനി നെറ്റോക്ക് അതൃപ്തി.
ഈ റിപ്പോർട്ടിൽ വീണ്ടും ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയപ്പോൾ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് സമർപിച്ചത്. ഇതുതന്നെ പൊലീസിനെ രക്ഷിച്ച് ഉന്നതരുടെ പങ്ക് മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്നു വ്യക്തമാണ്. ഇക്കാര്യം കൈരളി പീപ്പിൾ തന്നെ നേരത്തെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post