കാമുകനെ ചൊല്ലി തര്‍ക്കം; കോട്ടയത്ത് കോളജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു; വിദ്യാര്‍ത്ഥിനികള്‍ കോട്ടയത്തെ സമ്പന്ന കുടുംബാംഗങ്ങള്‍

കോട്ടയം: കോട്ടയം നഗരത്തിലെ പ്രശസ്ത കോളജിലെ വിദ്യാര്‍ത്ഥിനിയെ സഹപാഠികളായ മൂന്നു വിദ്യാര്‍ത്ഥിനികള്‍ മര്‍ദിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാമുകനെ ചൊല്ലി മുന്‍പുണ്ടായ പ്രശ്‌നത്തിലെ വൈരാഗ്യം തീര്‍ക്കാന്‍ കോഴ്‌സ് അവസാനിച്ച ദിവസം മൂന്നുപേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞദിവസമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. ഒരു വിദ്യാര്‍ത്ഥിനിയുടെ കാമുകനൊപ്പം ഫോട്ടോയെടുത്തതുമായി ബന്ധപ്പെട്ട് നാലംഗസംഘത്തില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഇതിന് പകരം വീട്ടാനായി മൂന്നുവിദ്യാര്‍ത്ഥിനികള്‍ സഹപാഠി കൂടിയായ വിദ്യാര്‍ത്ഥിനിയെ കോളജിലെ ഒരു മുറിയിലേക്ക് വിളിച്ചു വരുത്തി. പിന്നീട് കതകടച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മര്‍ദനമേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. അതിനാല്‍ സംഭവം ശരിയാണോ എന്ന സംശയവും പൊലീസിനുണ്ട്.

എന്നാല്‍ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം, വിദ്യാര്‍ത്ഥിനികള്‍ കോട്ടയത്തെ സമ്പന്നകുടുംബങ്ങളിലെ അംഗങ്ങളായതിനാല്‍ അന്വേഷണത്തില്‍ നിന്ന് പിന്‍മാറാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും വിവരങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News