ദില്ലി: കടത്തില്‍ മുങ്ങി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. സാമ്പത്തിക വെട്ടിപ്പ് കേസിലെ പ്രതിയായ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

 

 

അന്വേഷണത്തിന് സഹകരിക്കാതെ മല്യ രാജ്യം വിട്ടെന്നാരോപിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാസ്‌പോര്‍ട്ട് ഓഫിസിനെ സമീപിച്ചത്.തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും മല്യ അന്വേഷണ ഏജന്‍സിക്കു മുമ്പാകെ ഹാജരായിരുന്നില്ല. മൂന്ന് തവണയാണ് മല്യക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത്. ഏപ്രില്‍ ഒമ്പതിന് ഹാജരാവാനായിരുന്നു അവസാനത്തെ നോട്ടീസ്.

പല ബാങ്കുകളില്‍ നിന്നാണ് വിജയ് മല്യ 9000 കോടിയിലധികം രൂപ വായ്പയെടുത്തത്. കോടിക്കണക്കിന് രൂപയുടെ ബാധ്യത വരുത്തിവച്ച മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്ബിഐ അടക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2015 നവംബര്‍ 30ലെ കണക്കുകള്‍പ്രകാരം വിജയ് മല്യ 9091.40 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. 2004-2007 കാലയളവിലാണ് വായ്പ വിതരണം നടത്തിയത്.