ഹൈദരബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ സഹോദരനും മാതാവും ബുദ്ധമതം സ്വീകരിക്കുന്നു. രോഹിതിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്ധമായ വിശ്വാസങ്ങളില്ലാത്ത ജീവിതത്തിലേക്കു നടന്നുകയറുന്നു എന്നു വിശേഷിച്ചാണ് ദളിതരെന്ന അപമാനിക്കപ്പെടലിന്റെയും അവഹേളനങ്ങളുടെയും ലോകത്തുനിന്നു സ്വതന്ത്രരായി ജീവിക്കാന്‍ തുടങ്ങുന്നതെന്നു വ്യക്തമാക്കിയത്.
രാജ വെമുലയുടെ കത്തിന്റെ പ്രസക്തഭാഗങ്ങളുടെ പരിഭാഷ ചുവടെ
ജയ് ഭീം
എന്റെ സഹോദരന്‍ രോഹിത് വെമുല ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളെടുത്ത തീരുമാനത്തില്‍ അവന്‍ അഭിമാനിക്കുമായിരുന്നു. ഇന്നു മുതല്‍, എന്റെ അമ്മ രാധിക വെമുലയും ഞാനും രോഹിത് ആഗ്രഹിച്ചിരുന്ന പാതയില്‍ ജീവിക്കാന്‍ തുടങ്ങുകയാണ്. ബാബാസാഹേബ് അംബേദ്കര്‍ ഞങ്ങളെ നയിക്കാന്‍ ആഗ്രഹിച്ച ജീവിതരീതിയാണത്. അന്ധമായ വിശ്വാസങ്ങളില്ലാത്ത ജീവിതം. മാനവികതയില്‍ വിശ്വസിക്കുകയും അറിയാത്ത ദൈവങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന ജീവിതം. സഹജീവികളോടുള്ള ബഹുമാനത്തിലും അനുകമ്പയിലും അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം. ഹിന്ദു ജാതിവ്യവസ്ഥയ്ക്ക് പുറത്തുള്ള ഒരു ജീവിതം.
ഇന്നു മുതല്‍ എന്റെ അമ്മയും ഞാനും പൂര്‍ണമായി സ്വതന്ത്രരാണ്. നാണക്കേടില്‍നിന്നു മുക്തരാണ്. ദിനേനയുള്ള അപമാനിക്കലില്‍നിന്നു സ്വതന്ത്രരാണ്. നൂറ്റാണ്ടുകളായി ഞങ്ങളെ ചൂഷണം ചെയ്തിരുന്നവര്‍ വിശ്വസിക്കുന്ന ദൈവത്തെ ആരാധിച്ചിരുന്നെന്ന കുറ്റബോധത്തില്‍നിന്നു മുക്തി നേടുകയാണ്. ഇന്നുമതല്‍ ഞാനും എന്റെ അമ്മയും ബാബാസാഹേബിന്റെ ജന്മദിനം ജാതി വ്യവസ്ഥയുടെ പ്രഹരങ്ങളില്‍നിന്നു ഞങ്ങള്‍ക്കു സ്വാതന്ത്ര്യം നേടിത്തന്ന ദിവസമായി ഓര്‍മിക്കപ്പെടും.
ഞങ്ങളുടെ കുടുംബം ബുദ്ധപാഠങ്ങള്‍ പിന്തുടരണമെന്ന് എന്റെ സഹോദരന്‍ ആത്മാര്‍ഥമായും തീവ്രമായും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ഉറ്റമിത്രമായ റിയാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഗുണ്ടൂരിലെ വീട്ടിലെത്തിയപ്പോള്‍ രോഹിത് അണ്ണന്‍ വെളുത്ത വസ്ത്രങ്ങളാണു ധരിച്ചിരുന്നത്. അമ്മ അതേക്കുറിച്ചു ചോദിച്ചപ്പോള്‍, ബുദ്ധന്‍ പ്രചരിപ്പിച്ച പാഠങ്ങളില്‍ താന്‍ ആഴത്തില്‍ അകൃഷ്ടനാണെന്നും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബുദ്ധഭിക്ഷുക്കള്‍ ധരിക്കുന്ന വസ്ത്രങ്ങളാണെന്നുമായിരുന്നു മറുപടി.
1956-ല്‍ എന്തുകൊണ്ടാണ് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതെന്നതിനെക്കുറിച്ച് ഏറെ നേരം അവന്‍ ഞങ്ങളോടു വിശദീകരിച്ചു. ഹിന്ദുവായി ജനിച്ച് ഹിന്ദുവായി മരിക്കണമെന്നില്ലെന്ന് അംബേദ്കര്‍ പറഞ്ഞതിന്റെ അര്‍ഥമെന്താണെന്നു രോഹിത് പറഞ്ഞുതന്നു. എന്താണ് അവന്‍ പറഞ്ഞതെന്ന് മനസിലാക്കാന്‍ അപ്പോള്‍ ഞങ്ങള്‍ക്കു പൂര്‍ണമായി മനസിലാക്കാനായില്ല. എന്നാല്‍, അവന്റെ മരണം ഞങ്ങളുടെ കണ്ണ് ചുറ്റുമുള്ള ലോകത്തിന്റെ യാഥാര്‍ഥ്യത്തിലേക്കു തുറപ്പിക്കുകയായിരുന്നു.
ഞാനൊരു സാധാരണക്കാരനാണ്, എന്റെ സഹോദരന്‍ രോഹിത് വെമുലയുടെ ജീവത്യാഗമെന്ന ഒറ്റക്കാരണം കൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. എന്റെ സഹോദരന്റെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരേ എന്റെ അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്ന മുന്നറിയിപ്പ് നല്‍കാനാണ് ഞാനിവിടെയുള്ളത്. ഞാന്‍ ഒറ്റയ്ക്കല്ല. ഒരു തലമുറ മുഴുവനായും രാജ്യമാകെയും രോഹിത് തുടങ്ങിവച്ച പോരാട്ടത്തില്‍ അണിനിരക്കുന്നുണ്ട്. എന്റെ സഹോദരന് നീതിക്കായി പോരാട്ടം നടത്തുന്നവര്‍ ഒന്നിച്ചൊന്നായി ചോദിക്കുന്ന ലളിതമായ ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് എച്ച്‌സിയു വൈസ് ചാന്‍സലര്‍ അപ്പറാവുവിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വാക്കുപോലും പറയാത്തത്? രോഹിതിന്റെ മരണത്തിന് കാരണക്കാരായവരെക്കുറിച്ച് ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കാന്‍ കഴിയാത്തതെന്തുകൊണ്ട്?
ഞങ്ങളുടെ ആവശ്യങ്ങള്‍ ലളിതമാണ്. അപ്പറാവുവിനെ നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണം. എന്റെ സഹോദരന്റെ മരണത്തെക്കുറിച്ച് തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് വസ്തുനിഷ്ഠമായ അന്വേഷണം വേണം. മോദി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഏകാംഗ കമ്മീഷനില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. രോഹിതിന്റെ മരണത്തിനു പിന്നിലെ സത്യം അന്വേഷിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവും ഒപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്തൊക്കെയായാലും ബിജെപി നേതാക്കളായ വെങ്കയ്യ നായിഡുവും സ്മൃതി ഇറാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് യഥാര്‍ഥ രാഷ്ട്രീയ കുറ്റവാളികള്‍.
ഈ പോരാട്ടം കാലദൈര്‍ഘ്യമേറിയതും ദുര്‍ഘടവുമായിരിക്കുമെന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ, ഞങ്ങള്‍ക്കു ശക്തിപകരാന്‍ അബേദ്കറുടെയും ബുദ്ധന്റയും എന്റെ സഹോദരന്‍ രോഹിത് വെമുലയുടെയും ആദര്‍ശങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്.
ജയ് ഭീം
Get real time update about this post categories directly on your device, subscribe now.
Discussion about this post