റിയാദ്: സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നതു ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള തൊഴിലവസരങ്ങൾ തദ്ദേശീയർക്കുമാത്രമായി നൽകാൻ തൊഴിൽമന്ത്രാലയം തീരുമാനിച്ചു. സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യമേഖലയിലും പരിഷ്‌കാരം നടപ്പാക്കും. വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റ് നിർത്തുന്നതിനും വീസാ കച്ചവടം നിർത്തുന്നതിനും ലക്ഷ്യമിട്ടാണിത്.
സൗദിക്കാരെ പൂർണമായി നിയമിക്കാൻ കഴിഞ്ഞില്ലെങ്കിൽ സൗദിയിലുള്ള തൊഴിൽ നഷ്ടപ്പെട്ട വിദേശികളെ പരിഗണിക്കും. റിക്രൂട്ട്മെന്റ് അപേക്ഷ , തൊഴിൽ കരാർ അവസാനിപ്പിക്കൽ , സ്പോൺസർഷിപ്പ് മാറ്റം സംബന്ധിച്ചുളള അപേക്ഷ, സൗദി ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെട്ട പൂർണ്ണമായ വിവരങ്ങൾ എന്നിവ എംപ്ലോയി മെന്റ് പോർട്ടലിൽ പരസ്യപ്പെടുത്തുന്ന പദ്ധതിയാണ് തൊഴിൽ മന്ത്രാലയം നടപ്പാക്കുന്നത്.
സൗദികൾക്കിടയിലെ തൊഴിലില്ലായ്മ കുറക്കാനും, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും, വ്യാജ സൗദിവത്ക്കരണവും വിസ കച്ചവടം തടയുന്നതിനും, തൊഴിൽ കേസുകൾ കുറക്കുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ തൊഴിൽ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.
വേതനം, ആനുകൂല്യങ്ങൾ, തൊഴിൽ സുരക്ഷ, കർത്തവ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാീശങ്ങൾ വ്യക്തമാക്കുന്ന തൊഴിലവസരങ്ങൾ സൗദികൾക്ക് ലഭ്യമാകുന്നതിന് ഈ പദ്ധതി സഹായകമാകും.
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ പരമാവധി സൗദി പൗരന്മാർക്കായി ലഭ്യമാകുന്നതിനാണ് ആദ്യം ശ്രമം. യോഗ്യതയുളള സൗദി തൊഴിലാളികളെ ലഭിച്ചില്ലെങ്കിൽ മാത്രം രാജ്യത്തിനകത്തുളള പല കാരങ്ങളാൽ തൊഴിൽ നഷ്ടമായ വിദേശികളെ കണ്ടെത്താൻ ശ്രമിക്കുക.
തൊഴിലവസരങ്ങൾ ലഭ്യമാക്കി പദവികൾ ശരിയാക്കി തൊഴിലിൽ തുടരുന്നതിന് സൗദിയിലുളള വിദേശികളെയും ഈ പദ്ധതി സഹായിക്കും. അവകാശങ്ങളെല്ലാം ഉറപ്പു വരുത്തി സ്പോൺസർഷിപ്പ് മാറുന്നതിനും വിദേശികൾക്ക് അവസരം ലഭിക്കും. നിലവിൽ സൗദിയിൽ ആറരലക്ഷത്തിലധികം തൊഴിൽ രഹിതരുണ്ടെന്നാണ് കണക്ക്. എണ്ണവിലയിൽ കുറവുണ്ടായപ്പോൾ സൗദിക്ക് വൻ സാമ്പത്തിക തകർച്ചയുണ്ടായിരുന്നു. ഇതു മറികടക്കാൻ പൊതുമേഖലയിലെ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചിരുന്നു. ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്‌കരണങ്ങൾ ഒരു വഴിക്കു സൗദിയെ ശക്തിപ്പെടുത്താൻ മുന്നേറുന്നതിനിടെയാണ് സൗദിക്കാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ പുതിയ നീക്കങ്ങൾ.
Get real time update about this post categories directly on your device, subscribe now.
Discussion about this post