ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; 7 ജില്ലകളിലായി 56 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴു ജില്ലകളിലായി 56 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപകമായി അക്രമസംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.രണ്ടു ഭാഗങ്ങളിലായി നടന്ന ആദ്യഘട്ടത്തിൽ 49 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് പൂർത്തിയായിരുന്നു. ആദ്യഘട്ടത്തിൽ തൃണമൂൽ കോൺഗ്രസ് വ്യാപമകായി അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്.

33 വനിതകൾ ഉൾപ്പടെ 383 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഒരു കോടി 20 ലക്ഷം വോട്ടർമാർക്കാണ് സമ്മതിദാന അവകാശമുള്ളത്. ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമവും ക്രമക്കേടുകളും നടന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ഉൾപ്പടെ നിരവധി പൊലീസുകാരെ കമ്മീഷൻ സ്ഥലം മാറ്റി. തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചതും തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രാമചന്ദ്ര ഡോമെ, മുതിർന്ന സിപിഐഎം നേതാവും മുൻമന്ത്രിയുമായ അശോക് ഭട്ടാചാര്യ, തൃണമൂൽ കോൺഗ്രസിനു വേണ്ടി ഫുട്‌ബോൾ താരം ബൈച്ചുംഗ് ബൂട്ടിയ, ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ചലച്ചിത്ര താരങ്ങളായ ജോയ് ബാനർജി, ലോക്കറ്റ് ചാറ്റർജി തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel