വെടിക്കെട്ട് ദുരന്തം; പ്രതികളെ ഇന്ന് പരവൂരിലെത്തിച്ച് തെളിവെടുക്കും; റിമാൻഡിലുള്ള ഏഴുപേരെയും പരവൂരിലെത്തിക്കും

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും. പ്രതികളെ പരവൂരിലെത്തിച്ച് തെളിവെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. റിമാൻഡിൽ കഴിയുന്ന ഏഴു പ്രതികളെയും പരവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. പരവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കാനും നിർദേശമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

പുറ്റിങ്ങൽ ദേവസ്വം പ്രസിഡന്റ് പി.എസ്.ജയലാൽ, സെക്രട്ടറി ജെ.കൃഷ്ണൻകുട്ടി പിള്ള, കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രനാഥൻ പിള്ള, സോമസുന്ദരം പിളള, മുരുകേശ്, പ്രസാദ്, രവീന്ദ്രൻപിള്ള എന്നിവരാണ് റിമാൻഡിലുള്ളത്. ഏഴു പേരെയും അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രതികളെ ഹാജരാക്കാൻ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്.

എഡിഎം വാക്കാൽ അനുമതി നൽകിയതിനെ തുടർന്നാണ് വെടിക്കെട്ട് നടത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, അനുമതി നിഷേധിച്ചുള്ള എഡിഎമ്മിന്റെ റിപ്പോർട്ട് തന്നെ പ്രതികൾക്കെതിരാണ്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here