പകിട്ടൊട്ടും കുറയാതെ നാളെ തൃശ്ശൂർ പൂരം; നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്തോടെ പൂരച്ചടങ്ങുകൾക്ക് ഇന്നു തുടക്കം; വിസ്മയങ്ങളുടെ സർപ്രൈസ് നിറച്ച് സാംപിൾ വെടിക്കെട്ട്

തൃശ്ശൂർ: ആശങ്കകൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് നാളെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പകിട്ടൊട്ടും കുറയാതെ എല്ലാ വർണശബളിമയോടെയും പൂരം നടക്കും. പൂരച്ചടങ്ങുകൾക്ക് ഇന്നു തുടക്കമാകും. നെയ്തലക്കവിലമ്മയുടെ എഴുന്നള്ളത്തോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമാകുക. നാളെയാണ് പൂരം. തിങ്കളാഴ്ച പുലർച്ചെയാണ് ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പുരം വെടിക്കെട്ട്. വിസ്മയങ്ങളുടെ സർപ്രൈസ് നിറച്ച് ഇന്നലെ രാത്രി സാംപിൾ വെടിക്കെട്ട് നടന്നു.

ഇന്ന് നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തള്ളിത്തുറക്കുന്നതോടെ പൂരച്ചടങ്ങുകൾക്ക് തുടക്കമാകും. ഘടകപൂരങ്ങൾക്ക് അനുമതി തേടാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നത്. ഗജവീരൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ അകത്തുകയറി തെക്കേ ഗോപുരനട തുറന്നിടും. ദേവസംഗമമായ പൂരത്തിൽ പങ്കാളികാളാകാൻ ദേവകൾക്കും ജനസഹസ്രങ്ങൾക്കും സ്വാഗതമോതിക്കൊണ്ടുള്ള നടതുറപ്പ്.

നാളെ കണിമംഗലം ശാസ്താവ് ആദ്യം എഴുന്നള്ളുന്നതോടെ ഘടകപൂരങ്ങൾ എത്തിത്തുടങ്ങും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്കു മുമ്പായി മറ്റു ഏഴു ഘടകപൂരങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മഠത്തിൽ വരവ്. ഉച്ചയ്ക്കു ശേഷം ചരിത്രപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം നടക്കും. തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരാണ്. അനിയൻ മാരാർ തിരുവമ്പാടിയുടെ മേളപ്രമാണിയായിട്ട് ഇത് ആറാം വർഷം. പാറമേക്കാവിന്റെ മേളപ്രമാണി പെരുവനം കുട്ടൻമാരാരാണ്. 30 വർഷമായി പെരുവനം തന്നെയാണ് പാറമേക്കാവിനു വേണ്ടി മേളപ്പെരുക്കം നടത്തുന്നത്. വൈകുന്നേരം 5 മണിയോടെ വർണവിസ്മയം കാത്തുവച്ച കുടമാറ്റം. നിറങ്ങൾ മാറ്റി പാറമേക്കാവും തിരുവമ്പാടിയും പരസ്പരം മത്സരിക്കും. പുലർച്ചെ വെടിക്കെട്ട്. പിറ്റേന്ന് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News