ചാർളി ചാപ്ലിന്റെ ജൻമവാർഷിക ദിനം

ലോകത്തെ കുടുകുടാ ചിരിപ്പിച്ച ചാർളി ചാപ്ലിൻ എന്ന മഹാനടന്റെ 126-ാമത് ജൻമവാർഷിക ദിനം. ഇംഗ്ലീഷ് നടനും ചലച്ചിത്രനിർമാതാവുമായിരുന്ന ചാർളി ചാപ്ലിൻ 1889 ഏപ്രിൽ 16നാണ് ജനിച്ചത്. ചാർളി ചാപ്ലിൻ സ്വയം നിർമിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശബ്ദചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.
5 വയസു മുതൽ 80 വയസു വരെ ചാർളി ചാപ്ലിൻ അഭിനയരംഗത്തുണ്ടായിരുന്നു. ചാപ്ലിൻ ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചത് ‘ട്രാമ്പ്’ എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു.

1894-ൽ അഞ്ചാമത്തെ വയസിലായിരുന്നു ചാപ്ലിന്റെ ആദ്യ അഭിനയം. ഒരു സംഗീതവേദിയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ അമ്മ കുഴഞ്ഞു വീണപ്പോൾ അമ്മയ്ക്കു പകരമായി സ്റ്റേജിൽ കയറി ചാപ്ലിൻ കാണിച്ച അഭിനയം ഏവർക്കും ഇഷ്ടമായി. അങ്ങനെ ആംഗ്യ അഭിനയം ചാപ്ലിൻ ആരംഭിച്ചു. എന്നാൽ, ഇംഗ്ലീഷ് നാടകകമ്പനിയായ ലങ്കാഷെയർ ലാഡ്‌സിൽ ചേർന്നപ്പോൾ ആയിരുന്നു ചാപ്ലിന്റെ എടുത്തുപറയാവുന്ന ആദ്യത്തെ അഭിനയം. 1900-ൽ സഹോദരനോടൊപ്പം സിൻഡ്രല്ല എന്ന നാടകത്തിൽ ഒരു ഹാസ്യ-പൂച്ചയുടെ കഥാപാത്രവും 1903-ൽ ജിം, എ റൊമാൻസ് ഓഫ് കൊക്കെയ്ൻ എന്ന നാടകത്തിലും ചാപ്ലിൻ അഭിനയിച്ചു.

രണ്ടു ഓസ്‌കർ പുരസ്‌കാരങ്ങളും ചാപ്ലിനെ തേടിയെത്തി. ആദ്യം ‘ഏറ്റവും നല്ല നടൻ’, ‘ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്റെ സംവിധായകൻ’ എന്നീ പുരസ്‌കാരങ്ങൾക്കായിരുന്നു ചാപ്ലിനെ തെരഞ്ഞെടുത്തത്. എങ്കിലും ഇതിനു പകരം അഭിനയം, കഥാരചന, സംവിധാനം, നിർമാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭയ്ക്കുമുള്ള പ്രത്യേക പുരസ്‌കാരം നൽകി. ചാപ്ലിന്റെ രണ്ടാമത്തെ പുരസ്‌കാരം 44 വർഷങ്ങൾക്കു ശേഷം 1972ൽ ആണ് വന്നത്. ഈ പുരസ്‌കാരം ലഭിച്ചപ്പോൾ ഓസ്‌കർ പുരസ്‌കാരങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നേരം കാണികൾ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ചാപ്ലിനു വേണ്ടിയായിരുന്നു. 1977 ഡിസംബർ 25നു സ്വിറ്റ്‌സർലൻഡിൽ വച്ച് ചാപ്ലിൻ അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News