മുംബൈ: ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ ജീവിതം പ്രമേയമാകുന്ന സിനിമയിൽ സച്ചിന്റെ കൗമാരകാലം അവതരിപ്പിക്കുന്നത് സച്ചിന്റെ മകൻ തന്നെ. നിരവധി ബാലതാരങ്ങളെ തേടിയ ശേഷമാണ് അർജുൻ ടെണ്ടുൽക്കറെ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ക്രിക്കറ്റിൽ പരിചയസമ്പന്നരായതും സച്ചിന്റെ ശരീരഭാഷയും മാനറിസവും യോജിക്കുന്ന കുട്ടികളെയാണ് അണിയറക്കാർ തേടിയത്. അനുയോജ്യരായ അഭിനേതാക്കളെ ലഭിക്കാതെ വന്നതോടെ ഒടുവിൽ സച്ചിന്റെ മകനെ തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു.
അർജുൻ തന്റെ റോളിനോട് 100 ശതമാനവും നീതി പുലർത്തിയെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ. മറ്റൊരു പുതുമുഖമായ മയൂരേഷ് ആണ് ചിത്രത്തിൽ സച്ചിന്റെ ജേഷ്ഠ സഹോദരനായ നിതിൻ ടെണ്ടുൽക്കറുടെ വേഷം അഭിനയിക്കുന്നത്. 120 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ 40 ശതമാനത്തോളം സച്ചിന്റെ യഥാർത്ഥ ജീവിതത്തിലെ ഫൂട്ടേജുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
സച്ചിന്റെ പ്രധാനപ്പെട്ട ഇന്നിംഗ്‌സുകളും മറ്റു പ്രധാന സംഭവങ്ങളും ഈ ഫൂട്ടേജിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള ഭാഗങ്ങളാണ് സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചത്. സച്ചിന്റെ ബാന്ദ്രയിലെ വസതിയിലും ഏതാനും രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. സച്ചിൻ അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ബാറ്റിംഗിനേക്കാൾ ദുഷ്‌കരമാണ് അഭിനയമെന്നായിരുന്നു സച്ചിന്റെ ഇതേക്കുറിച്ചുള്ള കമന്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here