മോദി വന്നതു മൂലം പരവൂർ ദുരന്തത്തിൽപെട്ടവരുടെ ചികിത്സ മുടങ്ങി; പ്രധാനമന്ത്രിക്കൊപ്പം വാർഡിലെത്തിയത് നൂറോളം പേർ; ഡോക്ടർമാരെ പുറത്തുനിർത്തി

പരവൂർ: പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ മരണത്തോടു മല്ലടിച്ചവരുടെ ചികിത്സ പ്രധാനമന്ത്രിയുടെ സന്ദർശം മൂലം തടസപ്പെട്ടെന്ന് ആരോഗ്യവകുപ്പ്. പ്രധാനമന്ത്രിയുടെ സന്ദർശനം തടയണമെന്ന് ഡിജിപി ആവശ്യപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടറും എതിർപ്പ് അറിയിച്ചിരുന്ന എന്ന വാർത്ത പുറത്തുവരുന്നത്. ദ ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ചെന്നൈ ലേഖകൻ അരുൺ ജനാർദനാണ് കേരളത്തെ ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. രാഹുൽ ഗാന്ധിയുടെ സന്ദർശനവും ചികിത്സയ്ക്കു ദോഷകരമായി എന്നു റിപ്പോർട്ടിൽ പറയുന്നു.

പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ ദുരന്തം അറിഞ്ഞയുടൻ കേരളത്തിലെത്തിയ പ്രധാനമന്ത്രിയോടൊപ്പം നൂറിലധികം പേരാണ് ആശുപത്രിയിലെത്തിയത്. ഇവർ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിച്ചിരുന്നില്ല. ഡോക്ടർമാരും നഴ്‌സുമാരും അറ്റൻഡർമാരുമെല്ലാം കൈയുറ അടക്കമിട്ട് രോഗികളെ പരിചരിച്ചിരുന്ന സ്ഥലത്താണ് യാതൊരു അണുബാധ സുരക്ഷാ കവചവുമില്ലാതെ സന്ദർശകരെത്തിയത്. ഇത് അതീവ ഗുരുതരനിലയിലായ രോഗികൾക്ക് അണുബാധയുണ്ടാകാൻ വരെ കാരണമാകാവുന്നതായിരുന്നുവെന്ന് ആരോഗ്യ ഡയറക്ടർ ആർ രമേശ് പറഞ്ഞു.

മോദിയുടെ സന്ദർശന സമയത്തു പൊള്ളലേറ്റു കിടക്കുന്നവരെ ചികിത്സിക്കുന്നതിൽനിന്നു ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ബേൺ വാർഡിലേക്കു വന്ന ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും അരമണിക്കൂറിലേറെ പുറത്തുനിർത്തി. പലരും ജീവനോടു മല്ലടിച്ചുകഴിഞ്ഞവരായിരുന്നു ഐസിയുവിൽ ഉണ്ടായിരുന്നത്. അടിയന്തര ചികിത്സ ആവശ്യമുണ്ടായിരുന്നവർക്കു പ്രധാനമന്ത്രി ചികിത്സ നിഷേധിക്കുകയായിരുന്നു ചെയ്തത്. അതിനിടെ, കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നു എന്ന കാരണത്താൽ അടിയന്തര ചികിത്സ ആവശ്യമുണ്ടായിരുന്ന പലരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു തടഞ്ഞതായും സൂചനയുണ്ടായിരുന്നു. തങ്ങളെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിക്കുന്നതു തടഞ്ഞതായി പേരു വെളിപ്പെടുത്താത്ത ഒരു നഴ്‌സും വെളിപ്പെടുത്തി.

്ആരോഗ്യ ഡയറക്ടർ രമേശ് അടക്കമുള്ളവരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. തന്നെ തള്ളി മാറ്റിയെന്നും രമേശ് പറയുന്നു. തടഞ്ഞതിനെത്തുടർന്നു ഡോ. രമേശും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടരും സ്വന്തം മുറികളിലേക്കു മടങ്ങുകയായിരുന്നു. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മാത്രമേ പൊള്ളലേറ്റ രോഗികളെ സന്ദർശിക്കാൻ പാടുള്ളൂ. പലരും ജീവനോടു മല്ലടിക്കുന്ന സാഹചര്യത്തിൽ അണുബാധയുണ്ടാകാൻ സാധ്യതയുള്ളവരാണ്.

അറുപതു മുതൽ തൊണ്ണൂറു ശതമാനം വരെ പൊള്ളലേറ്റവരാണ് ആശുപത്രിയിലുണ്ടായിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മോദിയും രാഹുൽഗാന്ധിയും സന്ദർശനം നടത്തിയത്. മൂന്നൂറോളം പേരെയാണ് ഇരു ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News