പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക; ചാരവനിതകൾ എഫ്ബിയിലൂടെ വരാൻ സാധ്യതയുണ്ടെന്ന് സൈനികർക്കു മുന്നറിയിപ്പ്

ദില്ലി: ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന് സൈനികർക്കു നിർദേശം. ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിലെ അംഗങ്ങൾക്കാണ് സേനാ മേധാവി കൃഷ്ണ ചൗധരി നിർദേശം നൽകിയത്. പാകിസ്താൻ ചാരവൃത്തിക്കായി പെൺകുട്ടികളെ നിയോഗിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. പല മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ ഹാക്കർമാർ ഇന്ത്യൻ സൈനികരുടെ സോഷ്യൽ മീഡിയാ ഇടപെടലുകൾ ചോർത്താൻ സാധ്യതയുണ്ടെന്നും സ്‌മേഷ് പോലുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതു രാജ്യസുരക്ഷയ്ക്ക് ഒട്ടും യോജിച്ചതല്ലെന്നും നിർദേശത്തിൽ പറയുന്നു. വിചാറ്റ്, സ്‌മേഷ്, ലൈൻ തുടങ്ങിയ ആപ്ലിക്കേഷനുകൾ അതിർത്തിയിൽ നിയോഗിച്ചിരിക്കുന്ന സൈനികർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

ഐഎസ്‌ഐയ്ക്കും പാക് തീവ്രവാദ സംഘടനകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഹാക്കർമാരുണ്ട്. ഇവർ ഇന്ത്യൻ സൈനികരെ കുരുക്കിലാക്കാൻ ശ്രമിക്കുന്നതു ഫേസ്ബുക്ക് വഴിയാണ്. പേസ്ബുക്കിലൂടെ സുന്ദരിമാരായ പെൺകുട്ടികളുടെ പേരിലാണ് ഫ്രണ്ട് റിക്വസ്റ്റ് വരിക. പരിചയപ്പെട്ടുകഴിഞ്ഞാൽ പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ചാറ്റ്‌ചെയ്യാമെന്ന് പറയുന്നു. ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ഫോണിലെ വിവരങ്ങൾ എല്ലാം ചോർന്നു പോകും. ഇതുവഴി സൈന്യത്തിന്റെ രഹസ്യങ്ങളും സൈനികരെക്കുറിച്ചുള്ള രഹസ്യങ്ങളും ചോർത്താനാണ് പാക് ഹാക്കർമാർ ശ്രമിക്കുന്നത്. ഫോണിലെ എസ്എംഎസുകൾ, ജിപിഎസ് വിവരങ്ങൾ, വീഡിയോകൾ എന്നിവ തീവ്രവാദികളുടെ ആപ് വഴി നിഷ്പ്രയാസം ചോർത്തിയെടുക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News