തൊടുപുഴ: വാഹനവായ്പ ആവശ്യപ്പെട്ട്് എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ബാങ്ക് മാനേജർ കാബിനിൽ വച്ച് മാനഭംഗപ്പെടുത്തിയെന്ന വാർത്ത പൊലീസ് കെട്ടിച്ചമച്ചതെന്ന് കോടതി കണ്ടെത്തി. യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജർ പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെതിരെയായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ, വൈരാഗ്യം തീർക്കാൻ കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തിയ കോടതി പേഴ്‌സി ജോസഫിനെ വെറുതെവിട്ട് കേസ് തള്ളുകയായിരുന്നു. തൊടുപുഴ ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
തൊടുപുഴ മുൻ എഎസ്പി ആർ.നിഷാന്തിനിയും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് കേസ് കെട്ടിച്ചമച്ചതെന്നു കോടതി കണ്ടെത്തി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. 2011 ജൂലൈ 25 നാണ് സംഭവം. ഉച്ചയ്ക്കു രണ്ടോടെ സ്വന്തം ക്യാബിനിൽ വച്ച് പേഴ്‌സി ജോസഫ് ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് എഎസ്പി ഓഫീസിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പ്രമീള ബിജുവാണ് പരാതി നൽകിയത്. ഇതേതുടർന്നു ജൂലൈ 26ന് പേഴ്‌സി ജോസഫിനെ എഎസ്പിയുടെ ഓഫീസിൽ വിളിച്ചുവരുത്തി മർദിച്ചെന്നും തുടർന്നു മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കിയെന്നുമാണു കേസ്.
വായ്പ പുതുക്കി നൽകാത്തതിന്റെ പേരിൽ നഗരസഭാ വൈസ് ചെയർപേഴ്‌സണും വിദ്യാർത്ഥി സംഘടനയുമായി ബാങ്ക് മാനേജർ തർക്കത്തിലായിരുന്നു. ഇതിന്റെ പേരിൽ വ്യാജ തെളിവുണ്ടാക്കാനാണ് പ്രമീള, യമുന എന്നിവരെ വേഷപ്രച്ഛന്നരാക്കി ബാങ്കിൽ വിട്ടത്. വായ്പ എടുക്കാനെന്ന പേരിലാണ് രണ്ടു പൊലീസുകാരികളും ബാങ്കിലെത്തിയത്. ഇത് വ്യാജമായി തെളിവുണ്ടാക്കാനായിരുന്നെന്നു കോടതി കണ്ടെത്തി. പിറ്റേ ദിവസം എഎസ്പി നിഷാന്തിനി, പേഴ്‌സി ജോസഫിനെ തന്റെ ഓഫീസിൽ വിളിച്ചുവരുത്തി മർദിച്ചശേഷം കേസ് കെട്ടിച്ചമക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ പൊലീസ് നടപടികൾ ക്രൂരവും, മൃഗീയവുമാണെന്നു കോടതി നിരീക്ഷിച്ചു. പരിഷ്‌കൃത രീതിയിലാണു കുറ്റാന്വേഷണം നടത്തേണ്ടത്. മൂന്നാം കിട രീതിയിലുള്ള മർദന മുറകൾ നിയമവിരുദ്ധമാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പാണു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒന്നാം സാക്ഷിയായ പ്രമീളയ്ക്ക് ഡ്രൈവിംഗ് അറിയില്ല. അപമാനം ഉണ്ടായിട്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയായ പ്രമീള മൗനം പാലിച്ചെന്നും കോടതി കണ്ടെത്തി. ഇക്കാര്യം കോടതി പ്രത്യേകമായി വിധിന്യായത്തിൽ പരാമർശിക്കുകയും ചെയ്തു. 26 നു ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കുവാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയതിലും ദുരൂഹതയുണ്ടെന്നും ഈസമയം പ്രതി കസ്റ്റഡിയിൽ സ്‌റ്റേഷനിൽ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി.
ബാങ്ക് മാനേജരുടെ ക്യാബിൻ ചില്ലിട്ടതും എല്ലാ ആളുകൾക്കും വ്യക്തമായി കാണാവുന്നതുമാണ്. മാത്രമല്ല, സിസിടിവിയിൽ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളില്ലെന്നും കോടതി കണ്ടെത്തി. കൂത്താട്ടുകുളത്തുള്ള ആൾ അവിടെ ബാങ്കിൽ അക്കൗണ്ടുണ്ടായിട്ടും മുപ്പതോളം ബാങ്കുകൾ തൊടുപുഴയിൽ ഉണ്ടായിട്ടും യൂണിയൻ ബാങ്കിൽ തന്നെ ചെന്നത് സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു. മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചു എന്ന് ആരോപിച്ചിട്ടും പത്തു വർഷത്തോളമായി പൊലീസിലുള്ള പ്രമീള, ഒരുതരത്തിലും പ്രതികരിക്കാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.
Discussion about this post