കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ അടക്കം നാലു പേരെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; നടപടി സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലെന്ന് ഡിസിസി

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഇരിക്കൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് കെആര്‍ അബ്ദുല്‍ ഖാദറിനേയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തതെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. രാഗേഷിനെ പിന്തുണച്ച കായക്കൂല്‍ രാഹുല്‍, പ്രദീപ്കുമാര്‍ എന്നിവരെയും പുറത്താക്കിയതായി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച മുഖ്യമന്ത്രി രാഗേഷുമായി ചര്‍ച്ച നടത്തിയിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനവുമാണ് രാഗേഷ് മുന്നോട്ടുവച്ചിരുന്ന പ്രധാന ആവശ്യം. അച്ചടക്ക നടപടിക്ക് വിധേയമായ രാഗേഷ് അനുയായികളെ എല്ലാവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ചിറക്കല്‍ ബ്ലോക്ക് പ്രസിഡന്റിനെ മാറ്റണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കല്‍ക്കും സ്വീകാര്യമായില്ല. തുടര്‍ന്നാണ് രാഗേഷടക്കം നാലുപേരെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അഴീക്കോടും കണ്ണൂരും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് രാഗേഷ് പ്രഖ്യാപിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാഗേഷ് വിമതനായി മത്സരിച്ച് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജയിച്ചത്. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News