തിരുവല്ല സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് പിജെ കുര്യന്‍; പുതുശേരിയെ വിജയിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കും; മാണിയുടെ വിശദീകരണം തൃപ്തികരം

കൊച്ചി: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട മുന്‍നിലപാടുകള്‍ മാറ്റി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. തിരുവല്ല സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് പിജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരിയെ വിജയിപ്പിക്കാന്‍ യുഡിഎഫ് ഒന്നിച്ചുനില്‍ക്കുമെന്ന് മാണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കുര്യന്‍ പറഞ്ഞു.

തിരുവല്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റായ വിക്ടറിനെ പുതുശേരി കാലുവാരി തോല്‍പ്പിച്ചുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇത്തരമൊരു ആരോപണം കേട്ടയാളെ ഇത്തവണ മത്സരിപ്പിക്കരുതെന്നായിരുന്നു കുര്യന്റെ ആവശ്യം.

എന്നാല്‍ പുതുശേരിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് തനിക്കുള്ള അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് കുര്യന്‍ പറഞ്ഞു. എന്നാല്‍ അത് എതിര്‍പ്പായിരുന്നില്ല. മണിയുടെ വിശദീകരണത്തെ തുടര്‍ന്ന് അഭിപ്രായം താന്‍ മാറ്റിയെന്നും കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാണിയുടെ വിശദീകരണം തൃപ്തികരമാണ്. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറിയെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

കുര്യനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് കെഎം മാണിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here