കാര്‍ മാറ്റിയിടുന്നതിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് ബിയര്‍ പാര്‍ലറില്‍ നാലംഗ സംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; നാലു പേര്‍ കസ്റ്റഡിയില്‍

കൊല്ലം: ബിയര്‍ പാര്‍ലറിനുമുന്നില്‍ കാറ് മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം തുരുത്തിയില്‍ പുരയിടത്തില്‍ സെബാസ്റ്റ്യന്റെ മകന്‍ സിജോ സെബാസ്റ്റ്യന്‍ (23) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി പത്തു മണിയോടെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബിയര്‍ പാര്‍ലറിലാണ് സംഭവം. കൊല്ലം പൂരം കഴിഞ്ഞ് പാര്‍ലറിലെത്തിയ സിജോ അവിടെവച്ച് സുഹൃത്തായ ടിറ്റോയുമായി സംസാരിച്ചു നില്‍ക്കവെ ടിറ്റോയുടെ നാലു സുഹൃത്തുകള്‍ ഇന്നോവ കാറില്‍ എത്തി. ഇവരെ ടിറ്റോ സിജോയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സൗഹാര്‍ദ്ദപരമായി സംസാരിച്ച ശേഷം നാലംഗ സംഘം ബിയര്‍ പാര്‍ലറില്‍ കയറി.

ഇവര്‍ തിരികെ വന്നപ്പോള്‍ കാറെടുക്കാന്‍ സിജോയുടെ ബൈക്ക് മൂലം തടസം വന്നു. ഇതോടെ സംഘത്തിലെ പള്ളിത്തോട്ടം സ്വദേശിയായ യുവാവ് സിജോയ്ക്ക് നേരെ കയര്‍ത്തു. തുടര്‍ന്ന് യുവാവ് ഷിജോയുടെ വയറ്റില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ സുഹൃത്ത് ഈസ്റ്റ് പൊലീസില്‍ വിവരമറിയിക്കുകയും ഷിജോയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഷിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിയര്‍ പാര്‍ലറിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരംലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News