തിരുവല്ല സീറ്റ് തര്‍ക്കം അവസാനിച്ചത് പിജെ കുര്യന്റെ ഇടപെടലോടെ; യുഡിഎഫ് യോഗത്തിലേക്ക് പുതുശേരി എത്തിയത് ഖേദപ്രകടന കത്തുമായി; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം

കൊച്ചി: തിരുവല്ല സീറ്റ് സംബന്ധിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനും കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചത് ഖേദപ്രകടനത്തിലൂടെ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തന വീഴ്ച്ചയില്‍ പുതുശേരി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ അവസാനിച്ചത്. ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കത്ത് യുഡിഎഫ് യോഗത്തില്‍ വച്ച് പുതുശേരി പികെ കുര്യന് കൈമാറി.

കുര്യനെ അനുനയിപ്പിക്കാന്‍ വി.എം സുധീരന്‍ ഇടപെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. പുതുശേരി മാപ്പു പറഞ്ഞല്ലാതെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കുര്യന്‍ യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യം സുധീരന്‍ കെഎം മാണിയെ അറിയിച്ചു. മാണിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതുശേരി ഖേദപ്രകടനത്തിന് തയ്യാറായത്. തുടര്‍ന്ന് യോഗം തുടങ്ങിയ ഉടനെ തന്നെ പുതുശേരി കത്ത് യോഗത്തില്‍ വായിക്കുകയായിരുന്നു. തനിക്ക് വീഴ്ച പറ്റിയെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പുതുശേരി പറഞ്ഞു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ഒരുമിച്ച് പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചത്.

തിരുവല്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റായ വിക്ടറിനെ പുതുശേരി കാലുവാരി തോല്‍പ്പിച്ചുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. അങ്ങനെ ആരോപണവിധേയനായ ഒരാളെ ഇത്തവണ മത്സരിപ്പിക്കരുതെന്നായിരുന്നു കുര്യന്റെ ആവശ്യം.

തര്‍ക്കം അവസാനിപ്പിച്ചതിന് പിന്നിലെ ഫോര്‍മുല എന്താണെന്ന് കുര്യനോ മാണിയോ പത്രസമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നില്ല. പുതുശേരിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് തനിക്കുള്ള അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നായിരുന്നു യോഗത്തിന് ശേഷം കുര്യന്‍ പറഞ്ഞിരുന്നു. താന്‍ പറഞ്ഞത് എതിര്‍പ്പായിരുന്നില്ല. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. മണിയുടെ വിശദീകരണത്തെ തുടര്‍ന്ന് അഭിപ്രായം താന്‍ മാറ്റിയെന്നും കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചെന്നും പുതുശേരിയെ വിജയിപ്പിക്കാന്‍ യുഡിഎഫ് ഒന്നിച്ചുനില്‍ക്കുമെന്നും കുര്യന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News