തൃത്താല: ഇടതുപക്ഷ സർക്കാരിന്റെ സൃഷ്ടിയായ തൃത്താലയിലെ വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി സ്വന്തം ക്രെഡിറ്റിൽ ഉൾപ്പെടുത്തി വി ടി ബൽറാം എംഎൽഎയുടെ തെരഞ്ഞെടുപ്പു പ്രചാരണം. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത വെള്ളിയാങ്കല്ല് ബ്രിഡ്ജ് കം റെഗുലേറ്റർ പദ്ധതിക്കൊപ്പം തുടക്കം കുറിച്ച ടൂറിസം പദ്ധതിയാണ് താൻ കൊണ്ടുവന്നതാണെന്നു മേനി നടിച്ച് ബൽറാം പ്രചാരണം നടത്തുന്നത്. ഇതു തെറ്റാണെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ടി പി കുഞ്ഞുണ്ണിയുടെ ശ്രമഫലമായാണ് വെള്ളിയാങ്കല്ലു ടൂറിസം പദ്ധതി വന്നതെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

FB_IMG_1460786487780

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാനനാളുകളിൽ അംഗീകാരമായ പദ്ധതി സ്വാഭാവികമായും പൂർത്തിയായപ്പോൾ സർക്കാരിന്റെ കാലാവധി പൂർത്തിയായിരുന്നു. ഇതിലെ സാങ്കേതികത്വം തന്റെ ക്രെഡിറ്റായി കാട്ടിയാണ് ബൽറാം പ്രചാരണം നടത്തുന്നതെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. 2010-ൽ തന്നെ ടൂറിസം പദ്ധതിക്ക് നാൽപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതു കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ്. പ്രവർത്തനാനുമതി നൽകി ഭൂമി പദ്ധതിക്കായി കൈമാറുകയും ചെയ്തിരുന്നു. 1.96 ഏക്കറാണ് പദ്ധതിക്കായി നൽകിയത്. കഫറ്റീരിയ, കംഫർട് സ്റ്റേഷൻ, ട്രീ പിറ്റുകൾ, ഇരിപ്പിട സംവിധാനങ്ങൾ, ഗസിബോ, നടപ്പാത എന്നിവ നിർമിച്ച് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

FB_IMG_1460786497670

നാൽപ്പത്തഞ്ചു ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. ഈ തുക മുഴുവനായി അംഗീകരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിഡ്‌കോയ്ക്കായിരുന്നു നിർമാണച്ചുമതല. നിർമാണപ്രവർത്തനം ആരംഭിച്ചപ്പോഴേക്ക് സർക്കാർ മാറിയിരുന്നു. ഇതാണ് ബൽറാം തന്റെ നേട്ടമായി കാണിക്കുന്നത്. രേഖകൾ പരിശോധിച്ചാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ സിംഹഭാഗവും പൂർത്തിയായ പദ്ധതി സ്വന്തം നേട്ടമെന്ന പേരിൽ എംഎൽഎ മേനി നടിക്കുകയാണെന്നു വ്യക്തമാകും.

FB_IMG_1460786561015

3960000രൂപയാണ് ആദ്യഘട്ടം നിർമാണത്തിനായി സിഡ്‌കോയ്ക്കു നൽകിയത്. ഒന്നാം ഘട്ട പദ്ധതിയിൽ ഓപ്പൺ എയർ തിയേറ്റർ ഏർപ്പെടുത്തിയിട്ടില്ലെന്നു പറഞ്ഞു രണ്ടാംഘട്ട വികസനം ആരംഭിക്കുകയായിരുന്നു. ഇതു കൂടി പൂർത്തിയായി ഉദ്ഘാടനം നടത്തിയാൽ മതിയെന്നായിരുന്നു എംഎൽഎയുടെ നിലപാട്. ഇതോടെ പൂർത്തിയായിരുന്ന പദ്ധതിയിൽ അധികമായി ഓപ്പൺ എയർ തിയേറ്റർ സ്ഥാപിക്കാനായി ഉദ്ഘാടനം നീട്ടിക്കൊണ്ടുപോയി. കിറ്റ്‌കോയ്ക്കായിരുന്നു നിർമാണച്ചുമതല.

FB_IMG_1460786574196

ആദ്യഘട്ടത്തിൽനിന്നു വ്യത്യസ്തമായി ഓപ്പൺ എയർ തിയേറ്ററും എൻട്രൻസ് വിത്ത് ടിക്കറ്റ് കൗണ്ടറും ഇലക്ട്രിക്കൽ ഫിറ്റിംഗ്‌സും കിണർ നവീകരണവുമൊക്കെയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, പദ്ധതിയുടെ കാതലായ ഭാഗങ്ങൾ ആദ്യഘട്ടത്തിലായിരുന്നെന്നും വ്യക്തമാണ്. നാൽപത്തഞ്ചു ലക്ഷത്തിനു പൂർത്തിയാക്കിയ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന പേരിൽ 2013-ൽ ഒരു കോടി നാൽപതു ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. സർക്കാർ തലത്തിൽ ആർക്കിടെക്ട് ഉണ്ടായിട്ടും സർക്കാർ തയാറാക്കിയിട്ടുള്ള പാനലിൽനിന്നെന്ന പേരിൽ ചെന്നൈയിൽനിന്നുള്ള ആർക്കിടെക്ടിനെ പദ്ധതിക്കായി നിയോഗിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. അദ്യഘട്ടത്തിൽ നാൽപത്തഞ്ചു ലക്ഷം രൂപയ്ക്കു തയാറാക്കിയ പദ്ധതിക്കായി പിന്നീട് വൻ തുക നഷ്ടം വരുത്തിയിട്ടും ഇതു നഷ്ടമായി കാണാനാവില്ലെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി നൽകിയ മറുപടിയിൽ പറയുന്നു.

ചുരുക്കത്തിൽ, ടി പി കുഞ്ഞുണ്ണി എംഎൽഎയായിരിക്കേ ഇടതു സർക്കാർ നിർമാണം പൂർത്തീകരിച്ച പദ്ധതിയിൽ കൂട്ടിച്ചേർക്കലുകൾ വേണമെന്നു പറഞ്ഞു കൂടുതൽ പണം അനുവദിപ്പിച്ച് ഓപ്പൺ എയർ തിയേറ്റർ നിർമിക്കുക മാത്രമാണ് വി ടി ബൽറാം ചെയ്തതെന്നു വ്യക്തം. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ നേട്ടത്തെ സ്വന്തം വകയിലാക്കി വോട്ടു പിടിക്കുന്ന ബൽറാമിനെതിരേ മണ്ഡലത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.