പൂരപ്പൊലിമയിൽ തൃശൂർ; ചടങ്ങുകൾക്കു തുടക്കമായി; കണിമംഗലം ശാസ്താവ് എഴുന്നള്ളി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലൂടെ എഴുന്നള്ളിയതോടെയാണു ഇത്തവണത്തെ പൂരച്ചടങ്ങുകൾക്കു തുടക്കമായത്. ആനയെഴുന്നള്ളിപ്പും കരിമരുന്നു പ്രയോഗവും അനിശ്ചിതത്വത്തിലായ നിരവധി ആശങ്കകൾക്കൊടുവിലാണ് ഇന്നു പൂരാഘോഷങ്ങൾക്കു സാംസ്‌കാരിക തലസ്ഥാനം സാക്ഷിയാകുന്നത്.

നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർ പൂരത്തിൽ പങ്കുചേരാൻ തൃശൂരിലെത്തിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ട്രെയിനിലും ബസിലുമായി നിരവധിപേരാണ് തൃശൂരിലേക്ക് ഇന്നലെ രാത്രി മുതൽ എത്തിക്കൊണ്ടിരിക്കുന്നത്. കനത്ത സുരക്ഷയാണ് പൂരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പരവൂർ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടും കനത്ത സുരക്ഷയിലായിരിക്കും നടത്തുക.

നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നാൽപതോളം സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ കൺട്രോൾ റൂമിൽ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിക്കും. ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി, സ്വകാര്യ ബസ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ബോംബ് സ്‌ക്വാഡിലുള്ള ഇരുപതോളം വിദഗ്ധ പരിശീലനം ലഭിച്ച പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ശബ്ദമലിനീകരണം തടയാൻ ചില വാദ്യോപകരണങ്ങളുടെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. ഹെലികാമിന്റെ ഉപയോഗം നിരോധിക്കാൻ ജില്ലാ ഭരണകൂടത്തോട് പൊലീസ് ശിപാർശ ചെയ്തിട്ടുണ്ട്.

സ്വരാജ് റൗണ്ടിലും പരിസരപ്രദേശങ്ങളിലുമുള്ള പഴക്കമേറിയതും ബലക്ഷയമുള്ളതുമായ കെട്ടിടങ്ങളിലേക്ക് ആളുകൾ പ്രവേശിക്കുന്നതു തടയും. വെടിക്കെട്ടു കാണാൻ പലരും ഇത്തരംകെട്ടിടങ്ങളുടെ മുകളിൽ തമ്പടിക്കാറുണ്ട്. ഇത് ഇക്കുറി അനുവദിക്കില്ല. സ്ത്രീകൾക്കും കുട്ടികൾക്കും കുടമാറ്റവും തെക്കോട്ടിറക്കവും കാണാൻ സൗകര്യപ്രദമായ സംവിധാനം ഇക്കുറിയും നടപ്പാക്കുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ എമർജൻസി റൂട്ട് തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ദുരന്ത നിവാരണ സേനകളിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും എമർജൻസി റൂട്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഏകീകരിക്കാൻ തേക്കിൻകാട് മൈതാനത്തു പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. നമ്പരുകൾ- 0487 2422003, 98471 99100

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News