വിശ്വവിഖ്യാതതെറിയും നാരായണഗുരുവും

ramadas-coloumn

ഒരു കോളജ് മാഗസിൻ പിന്നീട് പുസ്തകമായി രൂപപ്പെടുകയെന്നത് പ്രസാധനത്തിലെ ചരിത്രപരമായ സംഭവമാണ്. ഇത്തരമൊരു പരിണാമം വ്യവസ്ഥാപിതമായ പുസ്തക സങ്കല്പങ്ങളിൽ കേട്ടുകേൾവിപോലുമില്ല. വിശ്വവിഖ്യാത തെറി പുസ്തകമായി പ്രസിദ്ധീകരിച്ചതിലൂടെ ആ ചരിത്രം രചിച്ചിരിക്കുകയാണ് ഡി സി ബുക്സും ഗുരുവായൂരപ്പൻ കോളജിലെ വിശ്വവിഖ്യാതമായ ആ മാസികയുടെ പ്രവർത്തകരും. ജീവിക്കുന്ന കാലം സർഗപരമായ അടയാളപ്പെടുത്തുന്നത് സാഹിത്യരചനകളിലോ ചലച്ചിത്രങ്ങളിലോ മാത്രമല്ല, അതതുകാലത്തെ കോളജുമാഗസിനുകളുടെ കവർസ്റ്റോറികൾതന്നെയാണ്. ഒപ്പിയെടുക്കാനുള്ള യൗവ്വനത്തിന്റെ കഴിവുകളാണ് മാസികകളെ മികവുറ്റതാക്കുന്നത്. ആറുദശകങ്ങളിലെ മലയാളത്തിലെ കോളജുമാസികകൾ ഒരുമിച്ചുനിരത്തിയാൽ കേരളത്തിന്റെ ചരിത്രവും കൂടിയായിരിക്കുമെന്നതിൽ തർക്കമില്ല. ഹിന്ദുഫാസിസത്തിനെതിരെ ഇന്ത്യയിലെ ക്യാംപസുകളിൽ നടക്കുന്ന പ്രതിരോധത്തിന്റെ തുടർച്ചയായിരുന്നു ഗുരുവായൂരപ്പൻ കോളജുമാസികയും.

കോളജ് മാസികകൾ മാത്രമല്ല, നമ്മുടെ നാട്ടിൽ പുറത്തിറങ്ങുന്ന സുവനീറുകളും സ്മരണികകളും സാമൂഹ്യചരിത്രത്തിലെ പ്രധാനപ്പെട്ട താളുകളാണ്. അറുപതിലേറെ വർഷങ്ങളായി മലയാളി വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകം ആദ്യ പ്രസിദ്ധപ്പെടുത്തിയത് സ്മരണികയായിട്ടായിരുന്നു. വിശ്വവിഖ്യാത തെറി പുസ്തകമാവുമ്പോൾ ആ സ്മരണികയുടെ ഓർമകൾക്കും പ്രസ്‌കതിയുണ്ടെന്നു തോന്നുന്നു.

പി.കെ.ബാലകൃഷ്ണൻ എഡിറ്റ് ചെയ്ത നാരായണഗുരു എന്ന പുസ്തകമാണ് ആ സ്മരണിക. ഏകാന്തമായ അത്ഭുതം എന്നാണ് പ്രൊഫ. എം.കെ. സാനു ഇതിനെ വിശേഷിപ്പിച്ചത്.

1954 ൽ ശ്രീനാരായണഗുരു ജന്മശതാബ്ദിയുടെ ഭാഗമായണ് ഒരു ആ സ്മരണിക പുറത്തിറങ്ങുന്നത്. പി.കെ.ബാലകൃഷ്ണനെ അത് പുറത്തിറക്കാനുള്ള ചുമതല ഏൽപ്പിച്ചത് സഹോദരൻ അയ്യപ്പൻ മുഖ്യരക്ഷാധികാരിയായുള്ള കമ്മിറ്റിയും.

സ്ഥലപ്രമാണിമാരുടെ സന്ദേശങ്ങൾ ,പരസ്യങ്ങൾ എന്നിവ സമാഹരിച്ച് പതിവുപോലെ സംഘാടകരെത്തി. സ്മരണികയുടെ പരമ്പരാഗത രൂപത്തെ ആദ്യംതന്നെ ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. പി.കെ.ബാലകൃഷ്ണൻ എഴുതുന്നു ‘ ഈ പുസ്തകത്തിൽ ചേർക്കാൻ പുതിയതായി ലേഖനങ്ങൾ എഴുതിവാങ്ങാതിരിക്കുക എന്ന ഒരു നയമാണ് ആദ്യന്തം ഞാനനുവർത്തിച്ചത്.’ ഇതിനായി ഗ്രന്ഥങ്ങളിലൂടെയും പത്രമാസികകളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. ചില ലേഖനങ്ങൾ ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തി. ഒരു മാസത്തെ കഠിനപ്രയത്നംകൊണ്ട് ബാലകൃഷ്ണൻ സ്മരണികയ്ക്ക് രൂപം നൽകി. കമ്മിറ്റി അത് സഹോദരൻ പ്രസിൽ അച്ചടിക്കാനായി നൽകി. അച്ചടി, കടലാസ് എന്നിവയിൽ ബാലകൃഷ്ണൻ ആഗ്രഹിച്ച മികവ് സഹോദരൻ പ്രസിന് നൽകാനായില്ല. അച്ചടിച്ച ഏതാനും ഫോറം കണ്ടപ്പോഴാണ് ബാലകൃഷ്ണൻ ഇക്കാര്യം ശ്രദ്ധിച്ചത്. സഹോദരൻ പ്രസ് അന്ന് നടത്തിപ്പോന്നത് സഹോദരന്റെ ഭാര്യസഹോദരനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ നിരാകരിക്കുകയെന്നുവെച്ചാൽ അദ്ദേഹത്തിനെന്തുതോന്നും? പാർവതിയമ്മ എന്തുവിചാരിക്കും? സഹോദരന് എന്തുതോന്നും? ആ വിചാരങ്ങൾ ബാലകൃഷ്ണനെ അലട്ടാതിരുന്നില്ല. ഒടുവിൽ ഒരു പോംവഴി കണ്ടെത്താനായി സഹോദരനെത്തന്നെ സമീപിച്ചു.

‘ഇക്കാര്യത്തിൽ ബാലന് പൂർണസ്വാതന്ത്ര്യമുണ്ട്, വേറെ അച്ചടിപ്പിക്കണമെങ്കിൽ അങ്ങനെയായിക്കൊള്ളൂ.’ സഹോദരൻ പറഞ്ഞു.

‘അപ്പോൾ അച്ചടിച്ചുകഴിഞ്ഞ ഫോറങ്ങളോ?’ ബാലകൃഷ്ണന്റെ ചോദ്യം. ലാഘവബുദ്ധിയോടെ സഹോദരൻ മറുപടി നൽകി: ‘കത്തിച്ചുകളയുക അത്ര പ്രയാസമുള്ള കാര്യമല്ലല്ലോ.’ (പ്രൊഫ.എം.കെ.സാനു, താഴ്വരയിലെ സന്ധ്യ).

പിന്നീട് മറ്റൊരു പ്രസിലാണ് അത് പ്രിന്റ് ചെയ്തത്. സി.ജെ.തോമസ് ആണ് അതിന്റെ കവർചിത്രം വരച്ചത്. കെട്ടിലും മട്ടിലും അത് അന്നുവരെയുണ്ടായിട്ടുള്ള സ്മരണികകൾക്ക് മുകളിലായിരുന്നു. വ്യക്തിത്വമുള്ള എഡിറ്റിങ്ങ് ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടി. സ്മരണികയ്ക്കും ആവശ്യക്കാർ ഏറെയുണ്ടായി. പക്ഷേ, സ്മരണിക വിൽക്കാൻ സംഘാടകസമിതി ഉദ്ദേശിച്ചിരുന്നില്ല. പിന്നീട് അതിലെ പരസ്യങ്ങളെല്ലാം ഒഴിവാക്കി ബാലകൃഷ്ണൻ സ്മരണിക പുറത്തിറക്കി. അതിന് അക്കാലത്തുതന്നെ നാലു പതിപ്പുണ്ടായി.

നാരായണഗുരുവിന്റെ നവോത്ഥാനദർശനങ്ങളെയും ജീവിതത്തെയും വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടൊടെ അവതരിപ്പിക്കുന്ന മറ്റൊരു ഗ്രന്ഥം ഇതുവരെയും മലയാളത്തിലുണ്ടായിട്ടില്ല എന്നതുതന്നയാണ് നാരായണഗുരു എന്ന പുസ്തകത്തിന്റെ പ്രസക്തി.

എന്തായിരുന്നു ഈ പുസ്തകം രൂപപ്പെടുത്തുമ്പോൾ ബാലകൃഷ്ണന്റെ മനസ്സിൽ ? 1968ൽ പുതിയ പതിപ്പിന് അദ്ദേഹം എഴുതി: ‘ഈഴവ സമുദായത്തിനു ഉത്കർഷമുണ്ടാക്കിയ ഈഴവ മഹാചാര്യനാണ് നാരായണഗുരു എന്ന ധാരണയാണ് ഈഴവരല്ലാത്ത എല്ലാ കേരളീയർക്കും ഇന്നുള്ളത് എന്ന ബോധം മനസിൽ വെച്ചുകൊണ്ടാണ് ഞാൻ ഈ പുസ്തകം തയ്യാറാക്കിയത്. ആ ബോധനില മനപ്പൂർവമായ സ്പർദ്ധകൊണ്ടല്ലെന്നും,നാരായണഗുരുവിനു ചരിത്രപ്രാധാന്യം കൈവരുത്തുന്ന ശക്തമായ നമ്മുടെ സാമൂഹ്യവിധാനത്തിന്റെ കുസൃതി കൊണ്ടാണെന്നും ഞാൻ ധരിച്ചിരുന്നു. ഇന്നും ധരിക്കുന്നു. പക്ഷേ, ഒട്ടും അപ്രധാനമല്ലാത്ത ഒരു കാരണംകൂടി ഈ അവഗണനയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാമിയുടെ ഭക്തജനങ്ങളും ആരാധകലക്ഷങ്ങളും അദ്ദേഹത്തിന്റെ ചരിത്രം കൈകാര്യം ചെയ്യുന്നരീതിയാണത്. ഭക്തിയും ആരാധനയും മുൻപേറായില്ലാത്ത മനസ്സുകളിൽ നിലവിലുള്ള അപദാനവിവരണരീതി വൈരസ്യമോ പുച്ഛമോ ജനിപ്പിക്കുന്നു എന്നാണെന്റെ അനുഭവം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here