തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണരംഗത്തെ എല്‍ഡിഎഫിന്റെ മുന്നേറ്റം തടയാന്‍ ബിജെപി-കോണ്‍ഗ്രസ് ശ്രമം. ഏറനാട് എക്‌സ്പ്രസിന്റെ ബോഗികളില്‍ സ്ഥാപിച്ച പ്രചരണസ്റ്റിക്കറുകള്‍ ഒരുസംഘമാളുകള്‍ നശിപ്പിച്ചു. യുഡിഎഫിന്റെ അഴിമതിക്കെതിരായ പോസ്റ്ററുകളും, എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന പോസ്റ്ററുകളുമാണ് കീറിനശിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് സ്റ്റിക്കറുകള്‍ കീറി നശിപ്പിച്ചതെന്നാണ് സൂചന.
റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് എല്‍ഡിഎഫ് ട്രെയിനുകളില്‍ സ്റ്റിക്കര്‍ പ്രചരണം നടത്തുന്നത്. ഇത്തരമൊരു രീതി ഇന്ത്യയില്‍ തന്നെ ആദ്യമായി രൂപീകരിച്ചത് എല്‍ഡിഎഫ് ആണ്. തിരുവനന്തപുരം ഡിവിഷനുകീഴില്‍ ആദ്യഘട്ടം നാലു ട്രെയിനുകളിലാണ് കോച്ചുകള്‍ക്ക് പുറത്ത് പൊളിവിനയല്‍ ഷീറ്റില്‍ തയാറാക്കിയ പരസ്യങ്ങള്‍ അനുവദിച്ചത്. 40 കോച്ചുകളിലാണ് പരസ്യങ്ങള്‍ നല്‍കുന്നത്. പാലക്കാട് ഡിവിഷനില്‍ ഏറനാട് എക്‌സ്പ്രസിന്റെ ബോഗികളിലും പരസ്യത്തിന് അനുമതിയുണ്ട്.
എല്‍ഡിഎഫിന്റെ പരസ്യങ്ങള്‍ നശിപ്പിക്കുന്നത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പു രംഗത്തെ മുന്നേറ്റം കണ്ടു വിറളി പിടിച്ചവരാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. മനോരോഗ സമാനമായ അവസ്ഥയില്‍ എതിരാളികള്‍ എത്തിയത് ഖേദകരമാണെന്നും പിണറായി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.