സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് ഹൈക്കോടതി; സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍

ശ്രീനഗര്‍: സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്ത മകളെയും മറ്റു രണ്ടു പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പതിനാറുകാരിയുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. അതേസമയം, സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി കോടതി മുമ്പാകെ മൊഴി നല്‍കി.

ബുധനാഴ്ചയാണ് പെണ്‍കുട്ടിയെയും പിതാവിനെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കളാണ് തന്നെ ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കുന്ന വീഡിയോ ഇതിനുശേഷമാണ് പുറത്തുവന്നത്. ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പൊലീസിന്റെ തന്ത്രമാണിതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

മകളെ സൈനികന്‍ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി പൊലീസ് നിര്‍ബന്ധപൂര്‍വ്വം എടുത്തതാണെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാത്ത്‌റൂമില്‍ വച്ച് സൈനികന്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഘര്‍ഷം തുടരുന്ന കാശ്മീരില്‍ യുവാവും സ്ത്രീയുമടക്കം അഞ്ചുപേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News