
ദില്ലി: മൂന്നാര്‍ ഭൂമികയ്യേറ്റ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ റിസോര്‍ട്ട് ഒഴിപ്പിക്കല്‍ നിയമവിരുദ്ദമാണെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ ക്ലൗഡ് നയണ്‍, അബാദ് ഹോട്ടല്‍, മൂന്നാര്‍ വുഡ്‌സ് എന്നീ റിസോര്‍ട്ടുകള്‍ ഏറ്റെടുക്കുകയും പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേക ദൗത്യസംഘത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഏറ്റടുത്ത ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണമെന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍,എ എം ഷെഫീഖ് എന്നിവരുടെ ബെഞ്ച് വിധിച്ചിരുന്നു.
കൂടാതെ റിസോര്‍ട്ട് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയും പുനപരിശോധന ഹര്‍ജിയും ഹൈക്കോടതി തള്ളി. ഇതിനെതുടര്‍ന്നാണ് വിഎസ് സര്‍ക്കാരിന്റെ നടപടിക്ക് എതിരെയുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വനസംരക്ഷണ ഭൂസംരക്ഷണ നിയമപ്രകാരമാണ് റിസോര്‍ട്ടുകള്‍ പ്രത്യേക ദൗത്യസംഘം ഏറ്റെടുത്തതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വേനലവധിക്ക് ശേഷം സുപ്രീംകോടതി ഹര്‍ജി പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here