സിനിമയ്ക്ക് വേണ്ടി മുടക്കിയ പണം തിരികെ ചോദിച്ച് പ്രശസ്ത സംവിധായകനെ വിതരണക്കാര്‍ മര്‍ദിച്ചു; പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. ശനിയാഴ്ചയാണ് സംവിധായകന്‍ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. മൂന്ന് പേരടങ്ങിയ സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പുരി ജഗന്നാഥ് പറയുന്നത്.

ജൂബിലി ഹില്‍സിലുള്ള ജഗന്നാഥിന്റെ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ജഗന്നാഥിന്റെ ചിത്രമായ ലോഫര്‍ വിതരണത്തിനെടുത്തവരാണ് സംഘത്തില്‍പ്പെട്ടവരെന്നാണ് സൂചന. ഈ പണം ആവശ്യപ്പെട്ടാണ് ഇവര്‍ സംവിധായകനെ മര്‍ദ്ദിച്ചതെന്നാണ് അറിയുന്നത്. അഭിഷേക്, സുധീര്‍, സുബ്ബയ്യ എന്നിവര്‍ക്കെതിരെയാണ് സംവിധായകന്‍ പുരി ജഗന്നാഥ് പരാതി നല്‍കിയിരിക്കുന്നത്. സംവിധായകന്റെ പരാതി അന്വേഷിച്ചുവരികയാണ് എന്ന് സബ് ഇന്‍സ്‌പെക്ടര്‍ മഖ്‌സൂദ് അലി പറഞ്ഞു.

14 കോടി രൂപ മുടക്കിയാണ് 2015ല്‍ പുരി ജഗന്നാഥ് ലോഫര്‍ സംവിധാനം ചെയ്തത്. 2015 ഡിസംബര്‍ 17നായിരുന്നു റിലീസ്. സി കല്യാണായിരുന്നു നിര്‍മാതാവ്. വരുണ്‍ തേജ്, ദിഷ പടാണി, രേവതി, ബ്രഹ്മാനന്ദം തുടങ്ങിയവരായിരുന്നു മുഖ്യവേഷത്തില്‍ അഭിനയിച്ചത്. ഈ ചിത്രത്തിന് വേണ്ടി മുടക്കിയ പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് മൂന്നംഗസംഘം സംവിധായകനെ മര്‍ദ്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here