കാമുകനൊപ്പം ജീവിക്കാൻ തടസ്സമാണെന്നു കണ്ടപ്പോൾ അനുശാന്തി നൊന്തുപെറ്റ മകൾക്ക് കൊലക്കത്തിയൊരുക്കി; ഭർത്താവിനെയും കൊന്ന് സുഖമായി ജീവിക്കാമെന്ന് കരുതി; നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ അണിയറക്കഥകൾ

ഒരു നാടിനെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ആറ്റിങ്ങലെ നാലു വയസുകാരി സ്വാസ്തികയുടെയും അച്ഛമ്മ ഓമനയുടെയും മരണം. അതിക്രൂരമായി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മോഷണത്തിനിടയിലുള്ള കൊല എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കേസിന്റെ ആഴങ്ങളിലേക്ക് അന്വേഷിച്ചു ചെന്നപ്പോൾ പൊലീസ് കണ്ടെത്തിയത് മനഃശാസ്ത്രജ്ഞരെ പോലും ഞെട്ടിക്കുന്ന കാരണങ്ങളായിരുന്നു. കമുകനൊപ്പം ജീവിക്കാൻ ഒരു സ്ത്രീ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സ്വന്തം മകളുടെയും അമ്മായിയമ്മയുടെയും മരണത്തിലേക്ക് നയിച്ചത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് അനുശാന്തി നൊന്തുപെറ്റ മകളെ അരുംകൊല ചെയ്യാൻ കൂട്ടുനിന്നത്.

കൊലപാതകത്തിന്റെ സംഭവങ്ങൾ പൊലീസ് വിവരിക്കുന്നത് ഇങ്ങനെ

സ്വാസ്തികയെയും ഓമനയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിനോ മാത്യുവും കൊലപാതകത്തിന് എല്ലാ ഒത്താശയും ചെയ്ത സ്വാസ്തികയുടെ അമ്മ അനുശാന്തിയും ടെക്‌നോപാർക്കിൽ ഒരേ കമ്പനിയിൽ ഉദ്യോഗസ്ഥരായിരുന്നു. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധമാണ് സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചത്.

2014 ഏപ്രിൽ 16നാണ് കൊലപാതകം നടക്കുന്നത്. വിവാഹം ക്ഷണിക്കാൻ വന്ന ലീജിഷിന്റെ സുഹൃത്താണെന്നു പറഞ്ഞു വീട്ടിലെത്തിയ നിനോ മാത്യു ഓമനയെയും സ്വാസ്തികയെയും കഴുത്തിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം ഓമനയും കുഞ്ഞും വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഓമനയുടെ മകൻ അനുശാന്തിയുടെ ഭർത്താവ് ലിജീഷും പിതാവ് തങ്കപ്പൻ ചെട്ടിയാരും ലുജീഷിന്റെ പുതിയ വീടിന്റെ നിർമാണം നടക്കുന്നിടത്തായിരുന്നു. ആലംകോടാണ് പുതിയ വീടുപണി നടന്നിരുന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിനോ മാത്യു ലിജീഷിന്റെ വീട്ടിലെത്തിയത്. ലിജീഷിന്റെ സുഹൃത്താണന്നു സ്വയം പരിചയപ്പെടുത്തിയ നിനോ വിവാഹം ക്ഷണിക്കാൻ വന്നതാണെന്നും ലിജീഷിനെ വിളിച്ചു വരുത്താനും ആവശ്യപ്പെട്ടു. ഓമനയെക്കൊണ്ടു ഫോണിൽ ലിജീഷിനെ വീട്ടിലേക്കു വിളിപ്പിക്കുകയായിരുന്നു. അടുക്കളയിലേക്കു തിരിഞ്ഞ ഓമനയുടെ പിന്നാലെ എത്തിയ നിനോ മാത്യു കുട്ടിയെ ഒക്കത്തെടുത്തു നിന്നിരുന്ന ഓമനയെ ബേസ്‌ബോൾ സ്റ്റിക്ക് കൊണ്ട് ആദ്യം തലയിൽ അടിച്ചുവീഴ്ത്തി. പിന്നീട് കഴുത്തിൽ തുരുതുരെ വെട്ടുകയായിരുന്നു. തുടർന്ന് മനഃസാക്ഷി മരവിച്ച നിനോ സ്വാസ്തികയെയും ക്രൂരമായി വെട്ടി. കുഞ്ഞിന്റെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു.

ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷം ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. എന്നിട്ട് വാതിലിനിടയിൽ മറഞ്ഞുനിന്നു. ബൈക്കിൽ വീട്ടിലെത്തിയ ലിജീഷ് അകത്തു കയറുന്നതിനിടെ മുഖത്തു മുളകുപൊടിയെറിഞ്ഞു കഴുത്ത് ലക്ഷ്യമാക്കി വെട്ടുകയായിരുന്നു. ആദ്യവെട്ട് തടുത്ത് അലറിക്കരഞ്ഞു പുറത്തേക്കോടിയ ലിജീഷിനെ പിന്തുടർന്നു വെട്ടിവീഴ്ത്തി വീടിനു താഴെയുള്ള ഇടവഴിയിലൂടെ നിനോ മാത്യു രക്ഷപ്പെട്ടു. നാട്ടുകാർ അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോഴേക്കും ഓമനയും ചെറുമകളും മരിച്ചിരുന്നു.

മോഷണത്തിനിടെയുള്ള കൊല എന്നു വരുത്തിത്തീർക്കാനായിരുന്നു സ്വർണാഭരണങ്ങൾ കവർന്നതെന്നായിരുന്നു ആദ്യ സംശയം. ചിട്ടിപിടിക്കാനെന്നും പറഞ്ഞു പത്തര മണിയോടെ ഓഫിസ് വിട്ടിറങ്ങിയ നിനോ മാത്യു കഴക്കൂട്ടത്തു കാർ ഒതുക്കി ബസിലാണ് ആലംകോട്ടെത്തിയതും നടന്നു വീട്ടിലെത്തി അരുംകൊലകൾ നടത്തി മടങ്ങിയതെന്നുമായിരുന്നു പൊലീസ് വിശദീകരണം. ഭാര്യയും നാലു വയസ്സുകാരി മകളുമുളള നിനോ മാത്യു ഇവരെ വിട്ടാണ് അനുശാന്തിയുമായി അടുത്തത്.

നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷിൽ നിന്നു വിവരങ്ങൾ ശേഖരിച്ച പൊലീസ് ഉണർന്നു പ്രവർത്തിച്ചു. പൊലീസിന്റെ ആത്മാർത്ഥ പ്രതി രക്ഷപ്പെടാതെ സംഭവദിവസം തന്നെ പിടിക്കുന്നതിലെത്തിച്ചു. കരിമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയിൽ തന്നെ നിനോയെ പൊലീസ് പിടികൂടുകയായിരുന്നു. സമീപ ജില്ലകളിൽ വരെ അതിർത്തികൾ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകൾ സംഘടിപ്പിക്കുകയും ചെയ്തു. പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈൽഫോണിൽ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയിൽ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.

അവിഹിതബന്ധത്തെ തുടര്‍ന്ന് ഇരട്ടക്കൊലപാതകം: കാമുകനായ ഒന്നാം പ്രതിക്ക് വധശിക്ഷ; അനുശാന്തിക്ക് ജീവപര്യന്തം; പ്രതികള്‍ അതിക്രൂരരെന്നു കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News