തിരുവനന്തപുരം: യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധം കൈയ്യോടെ പിടിക്കപ്പെട്ടവന്റെ വെപ്രാളമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയമുറപ്പായതുകൊണ്ട് സിപിഐ എം മുന്‍കൂര്‍ ജാമ്യമെടുക്കുന്നു എന്ന പ്രചാരവേല ഉമ്മന്‍ചാണ്ടി നടത്തുന്നത് ഇതിന്റെ ഭാഗമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇതേ ഉമ്മന്‍ചാണ്ടി തന്നെയാണ് 1991ല്‍ ആര്‍എസ്എസിന്റെ വോട്ടുവാങ്ങി എംഎല്‍എ ആയത്. യുഡിഎഫ് ഒരിക്കലും ബിജെപിയെ സഹായിക്കില്ല എന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും 91ല്‍ കോലീബി സഖ്യമുണ്ടാക്കിയത്. പല സന്ദര്‍ഭങ്ങളിലും ആര്‍എസ്എസിന്റെ വോട്ടുവാങ്ങി വിജയിച്ച പാരമ്പര്യമുള്ള യുഡിഎഫ്, ഇത്തവണയും അധികാരം നിലനിര്‍ത്താന്‍ ആര്‍എസ്എസുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
മഞ്ചേശ്വരം – ഉദുമ മണ്ഡലങ്ങളിലും തിരുവനന്തപുരം – നേമം മണ്ഡലങ്ങളിലും ബിജെപിയും കോണ്ഡഗ്രസും ശക്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് അവിശുദ്ധ സഖ്യത്തിന്റെ ഭാഗമായാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇത്തരത്തില്‍ അവിശുദ്ധ ധാരണയുണ്ടാക്കിയാലും ഇത്തവണ യുഡിഎഫ് വിജയിക്കാന്‍ പോകുന്നില്ല.
ബിജെപിയുമായുള്ള വോട്ടുകച്ചവടത്തിന് ഉമ്മന്‍ചാണ്ടി ഇടനിലക്കാരനായി നിര്‍ത്തിയിരിക്കുന്നത് വെള്ളാപ്പള്ളി നടേശനെയാണ്. അതിനാലാണ് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇതേ വെള്ളാപ്പള്ളി നടേശനാണ് കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന വേളയില്‍, നരേന്ദ്രമോഡി പങ്കെടുത്ത ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ബാന്ധവമടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയപ്പോള്‍ അതിന്റെ ജാള്യത മറക്കാനാണ് സിപിഐഎം വിരുദ്ധ പ്രചാരവേലയുമായി ഉമ്മന്‍ചാണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് കേരളത്തില്‍ വിലപോവില്ലെന്നും കോടിയേരി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.