അനുശാന്തി മാതൃത്വത്തിന് അപമാനം, കൊടും ക്രൂരയായ മാതാവെന്നും കോടതി; കാമപൂര്‍ത്തിക്ക് വേണ്ടി നിനോ മകളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരകൃത്യത്തിന് വിധേയമാക്കി

തിരുവനന്തപുരം: മകളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അമ്മയെന്ന് തന്നെ വിളിക്കരുതെന്ന ആറ്റിങ്ങല്‍ ഇരട്ടകൊലപാതകക്കേസ് പ്രതി അനുശാന്തിയുടെ ആവശ്യം കോടതി തള്ളി. കേസില്‍ ശിക്ഷാ വിധി പ്രസ്താവിക്കുമ്പോള്‍ പ്രതികളായ നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം നടത്തി.

മകളെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് തന്നെ അപമാനകരമാണെന്നും കാമപൂര്‍ത്തിക്ക് വേണ്ടി നിനോ മാത്യൂ സ്വന്തം മകളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെയും നിരപരാധിയായ ഒരു മാതാവിനെയും ക്രൂരകൃത്യത്തിന് വിധേയമാക്കിയതായും കോടതി നിരീക്ഷിച്ചു.

പ്രായമായ മാതാപിതാക്കളും ഭാര്യയും ആറു വയസുള്ള മകളുമുണ്ടെന്ന നിനോ മാത്യൂവിന്റെ വാദവും കോടതി തള്ളി. അവസാനമായി പോലും കുഞ്ഞിനെ കാണാന്‍ കൂട്ടാക്കാതിരുന്ന അനുശാന്തി കൊടും ക്രൂരയായ മാതാവാണെന്നും തന്റെ കുഞ്ഞിനേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ മുളയിലേ തന്നെ നുള്ളിയ നിനോ മാത്യൂ ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അനുശാന്തി സ്ത്രീയായത് കൊണ്ടു മാത്രം അവര്‍ക്ക് ജീവപര്യന്തം നല്‍കുകയാണെന്നും കോടതി പറഞ്ഞു. അപൂര്‍വ്വതയില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News