കൊഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ല, ബ്രിട്ടണ് സമ്മാനമായി നല്‍കിയതാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; രത്‌നം തിരികെ ചോദിക്കാന്‍ അവകാശമില്ലെന്നും സത്യവാങ്മൂലം

ദില്ലി: കൊഹിനൂര്‍ രത്‌നത്തില്‍ ഇന്ത്യയ്ക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ബ്രിട്ടണില്‍ നിന്ന് തിരികെ ചോദിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രത്‌നം ബ്രിട്ടണ്‍ മോഷ്ടിച്ചതല്ല, മഹാരാജ രഞ്ജിത് സിംഗ് സമ്മാനിച്ചതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അത് ബ്രിട്ടന്‍ കൈവശം വയ്ക്കട്ടെയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊഹിനൂര്‍ തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

കൊഹിനൂര്‍ അടക്കം അമൂല്യങ്ങളായ വസ്തുക്കള്‍ മടക്കി നല്‍കാന്‍ യു.കെ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റീസ് ഫ്രണ്ടാണ് കോടതിയെ സമീപിച്ചത്. ടിപ്പു സുല്‍ത്താന്റെ മോതിരവും വാളും തുടങ്ങി ബഹാദൂര്‍ ഷാ സഫര്‍, ഝാന്‍സി റാണി, നവാബ് മിര്‍ അഹമ്മദ് അലി ബന്ദ തുടങ്ങിയ ഭരണാധികാരികളുടെ സ്വകാര്യ സ്വത്തുക്കളും തിരിച്ചെത്തിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

20 കോടി ഡോളര്‍ (ഏകദേശം 1300 കോടി രൂപ) വിലമതിക്കുന്ന 105 കാരറ്റ് വജ്രമായ കൊഹിനൂര്‍ 1850ല്‍ വിക്ടോറിയ രാജ്ഞിക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സമ്മനിക്കുകയായിരുന്നു. പഞ്ചാബ് ഭരണാധികാരിയായിരുന്ന രഞ്ജിത് സിങ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണ് ഇതെന്നും അത് തിരികെ ആവശ്യപ്പെട്ടുള്ള കേസൊന്നും നിലവിലില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊഹിനൂര്‍ രത്‌നം തിരികെ തരുന്ന പ്രശ്‌നമില്ലെന്ന് 2013ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ടവര്‍ ഓഫ് ഇംഗ്ലണ്ടില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ് ഇത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here