ആർഎസ്എസിന്റെ കൈയൂക്കിനെ അക്ഷരവെളിച്ചം കൊണ്ടു തോൽപിച്ച് കേരളത്തിലെ പുരോഗമന സമൂഹം; തലൂക്കര എകെജി വായനശാലയിലെത്തിയത് ഇരട്ടി പുസ്തകങ്ങൾ

തിരൂർ: ആർഎസ്എസുകാർ തീവച്ചുനശിപ്പിച്ച തിരൂർ തലൂക്കരയിലെ എകെജി വായനശാല മലയാളികളുടെ വലിയ മനസിന്റെ പ്രതിഫലനമായി വീണ്ടും തുറക്കാനൊരുങ്ങുന്നു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെയും സമൂഹമാധ്യമങ്ങളിലുള്ളവരുടെയും പ്രയത്‌നഫലമായി സമാഹരിച്ച പുസ്തകങ്ങളുമായാണ് ആർഎസ്എസിന്റെ കൈയൂക്കിനു പ്രബുദ്ധകേരളം മറുപടി നൽകിയത്. ഫാസിസ്റ്റ് ഭീകരതക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെയും വിജയത്തിന്റെയും പ്രഖ്യാപനമായിരുന്നു ഇന്നലെ നടന്ന പുസ്തകക്കൈമാറ്റച്ചടങ്ങുകൾ.

കഴിഞ്ഞമാസം ഇരുപത്തിമൂന്നിന് എകെജിയുടെ ജന്മവാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന വായനശാല ഒരു സംഘം ആർഎസ്എസ് അക്രമികൾ തീയിട്ടു നശിപ്പിച്ചത്. ഉടൻതന്നെ കാവി ഭീകരതയ്ക്കു മറുപടി നൽകണമെന്ന ആഹ്വാനവുമായി കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങൾ രംഗത്തെത്തി. സിപിഐഎം നേതാക്കളും വായനശാല പുനർനിർമിക്കാൻ ആഹ്വാനം നൽകി. ബുക്ക് കളക്ഷൻ എന്നു പേരിട്ട് കാമ്പയിനും സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ചു.

തലൂക്കരയിലെ ആർഎസ്എസ് ക്രിമിനലുകൾ തീ വെച്ചു നശിപ്പിച്ച എകെജിസ്മാരക ഗ്രന്ഥാലയം പുനർ പ്രവർത്തിക്കുള്ള ധനസഹായം ആഷ്മി സോമൻ എകെജിസ്മാരക ഗ്രന്ഥാലയം സെക്രട്ടറി കെടി മുസ്തഫ ക്ക് നൽകുന്നു

കേരളത്തിലെ പുരോമഗനാശയങ്ങൾ മനസിൽ സൂക്ഷിക്കുന്നവർ കാമ്പയിനുമായി പൂർണമനസോടെ സഹകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമാഹരിച്ച പുസ്തകങ്ങളുമായി പുസ്തകവണ്ടി തിരൂരിലേക്കു തിരിച്ചു. ഇന്നലെ തിരൂരിൽ തലൂക്കരയിൽ നടന്ന ചടങ്ങിൽ പുസ്തകങ്ങൾ കൈമാറി.ഐടി പ്രൊഫഷണൽ ജൂലിയസ് മിർഷാദിന്റെ നേതൃത്വത്തിലാണ് പുസ്തകവണ്ടി തിരൂരിലെത്തിയത്.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ 107 പുസ്തകങ്ങളും ഡോ. തോമസ് ഐസക് എംഎൽഎ 117 പുസ്തകങ്ങളും നൽകി പുസ്തക ശേഖരണക്കൂട്ടായ്മയെ പ്രോൽസാഹിപ്പിച്ചു. ജവഹർലാൽ നെഹ്‌റു സർവകലാശാലാ അധ്യാപകൻ ഐഷാ കിദ്വായ അടക്കം നിരവധി പേരാണ് ബുക്ക് കളക്ഷനിൽ പങ്കാളിയായത്. കേരള സമൂഹത്തിന്റെ നാനാതുറകളിൽ പെടുന്നവർ തങ്ങളാൽ കഴിയും വിധം പുസ്തകങ്ങൾ സംഭാവന ചെയ്തു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ, ചലച്ചിത്രകാരൻമാരായ ആഷിഖ് അബു, അമൽ നീരദ് തുടങ്ങിയവരും നിരവധി പുസ്തകങ്ങൾ സംഭാവന ചെയ്തു.

കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ഉദ്യോഗസ്ഥൻ അൻവർ കുരിക്കൾ ആയിരത്തിലധികം പുസ്തകങ്ങൾ നൽകി. യു എ ഇ അടക്കമുള്ള മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽനിന്നും പുസ്തകങ്ങൾ സമാഹരിച്ചിരുന്നു. ഇന്നലെ തിരൂരിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പുസ്തക കൈമാറ്റം ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ഭീകരത ഏറ്റവും കൂടുതൽ ഭയക്കുന്നത് പുസ്തകളെയും ചിന്തകളെയുമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു.. സാമൂഹ്യ, സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥികളും ചടങ്ങിൽ അണിചേർന്നു. അയ്യായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയാണ് ആർഎസ്എസ് അക്ഷരവിരോധികൾ കത്തിച്ചു നശിപ്പിച്ചതെങ്കിൽ പുനർജനിച്ചപ്പോൾ വായനശാലയിൽ മലയാളികളുടെ വലിയ മനസിന്റെ ഉദാഹരണമായി എത്തിയത് പതിനായിരത്തിലേറെ പുസ്തകങ്ങളായിരുന്നു. തിരൂരിലെ എ കെ ജി വായനശാലയുടെ ഉയിത്തെഴുന്നേൽപ്പ് ചാരമാകാത്ത നിലപാടുകളും അക്ഷരങ്ങളും പ്രതിരോധനിരയിൽ മുന്നിലുണ്ടാവുമെന്ന ഓർമപ്പെടുത്തൽക്കൂടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here