മാധ്യമപ്രവര്‍ത്തനം ലോകത്തെ ഏറ്റവും മോശം തൊഴില്‍; മേസ്തിരിപ്പണിയും ഇറച്ചിവെട്ടും മാധ്യമപ്രവര്‍ത്തനത്തെക്കാള്‍ മെച്ചമെന്നും കരിയര്‍ പോസ്റ്റ് സര്‍വ്വേ

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തനം ലോകത്തെ ഏറ്റവും മോശം തൊഴിലെന്ന് സര്‍വ്വേ. പരിഗണിക്കപ്പെട്ട 200 തൊഴിലുകളില്‍ അവസാന സ്ഥാനത്താണ് മാധ്യമപ്രവര്‍ത്തനം പരിഗണിക്കപ്പെട്ടത്. വാഷിംഗ്ടണിലെ തൊഴില്‍ വെബ്‌സൈറ്റായ കരിയര്‍ പോസ്റ്റ് ആണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഡാറ്റ സയന്റിസ്റ്റ് എന്ന തൊഴിലാണ് സര്‍വേയില്‍ ഒന്നാമതായി പരിഗണിക്കപ്പെട്ടത്. 128,240 യുഎസ് ഡോളര്‍ ഒരു ഡാറ്റ സയന്റിസ്റ്റിന് ശരാശരി വാര്‍ഷിക ശമ്പളമായി ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഒന്നാമത്തെ തൊഴില്‍ മേഖലയും ഇതുതന്നെ. മാത്തമാറ്റിക്‌സ് അനുബന്ധ തൊഴിലുകളാണ് ഏറ്റവും മുന്നിലുള്ളത്. ഹെയല്‍ സ്റ്റൈലിസ്റ്റ് 59-ാം സ്ഥാനത്താണ്. മ്യൂസിയത്തിലെ പരിപാലകന്‍ 73-ാമതാണ്. ബാറില്‍ മദ്യം വിളമ്പുന്നവര്‍ 105-ാം സ്ഥാനത്തും കാവല്‍പ്പണിക്ക് 107-ാമതുമാണ്.

മാലിന്യ പ്ലാന്റിലെ ഓപ്പറേറ്റര്‍ പണി 124-ാം റാങ്കിലാണ്. മേസ്തിരിപ്പണി, ടൈല്‍ പാകുന്ന തൊഴില്‍, ഇന്‍ഷുറന്‍സ് ഏജന്റ്, കെട്ടിടപ്പണിക്കാരന്‍ തുടങ്ങിയവരും മാധ്യമപ്രവര്‍ത്തകരേക്കാള്‍ മുന്നിലാണ്. യഥാക്രമം 127, 140, 146, 155 എന്നിങ്ങനെയാണ് റാങ്കിംഗ്. ഇറച്ചിവെട്ടുന്ന തൊഴിലിന് മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ സുരക്ഷിതത്വവും വരുമാനവും ഉണ്ടെന്നും കരിയര്‍ കാസ്റ്റ് പറയുന്നു.

മാധ്യമപ്രവര്‍ത്തന അനുബന്ധ തൊഴിലുകളാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. റേഡിയോ ജോക്കിമാര്‍ 197-ാം സ്ഥാനത്തും ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ 198-ാമതുമാണ്. പത്രമാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരാണ് ഏറ്റവും അവസാനസ്ഥാനത്ത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മാധ്യമപ്രവര്‍ത്തനം മോശം ജോലിയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. ബിസിനസ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ മാധ്യമ മേഖലയ്ക്ക് കഴിയുന്നില്ല. കാലത്തിന് അനുസൃതമായ രീതിയിലല്ല മാധ്യമ വ്യവസായം മുന്നോട്ട് പോകുന്നത്. മുങ്ങുന്ന കപ്പലില്‍നിന്ന് രക്ഷപെടാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും മുന്‍ മാധ്യമപ്രവര്‍ത്തകനായ ആന്‍ ബാള്‍ഡ് വിന്‍ പറയുന്നു.

തൊഴില്‍ സാഹചര്യം, വരുമാനം, മാനസിക സമ്മര്‍ദ്ദം, ആകര്‍ഷണം, സമൂഹത്തിലെ പരിഗണന എന്നിവയാണ് സര്‍വേയുടെ അടിസ്ഥാന ഘടകങ്ങളായി പരിഗണിച്ചത്. മോശം തൊഴില്‍ സാഹചര്യത്തില്‍ പണിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ നേരിടുന്നവരാണ് ഇക്കൂട്ടര്‍. ഒപ്പം തൊഴില്‍ ആകര്‍ഷണം കുറയുന്നത് മറ്റൊരു ഘടകമാണ്. ശരാശരി 37,000 ഡോളര്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ ശരാശരി വാര്‍ഷിക ശമ്പളം.

പത്രമാധ്യമങ്ങളുടെ തകര്‍ച്ചയാണ് മാധ്യമപ്രവര്‍ത്തനം ഒരു മോശം തൊഴില്‍ ആകാന്‍ ഇടയാക്കുന്ന പ്രധാന ഘടകം. പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ മാധ്യമ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നില്ല. നിലവിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും മറ്റൊരു ഘടകമാണ്. വരുമാനത്തിലെ ഇടിവ് മാധ്യമപ്രവര്‍ത്തകരുടെ ശമ്പളത്തെയും ബാധിക്കുന്നു. ഇതുമൂലം ശമ്പളം കൂടുന്നില്ല എന്നും സര്‍വേ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here