മതനിരപേക്ഷ അഴിമതിരഹിത വികസിതകേരളം ലക്ഷ്യമിട്ട് ഇടതുമുന്നണിയുടെ പ്രകടനപത്രിക; കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കും; കാർഷികമേഖലയ്ക്ക് ഊന്നൽ

തിരുവനന്തപുരം: മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്ന മുദ്രാവാക്യം മുൻനിർത്തി ഇടതുമുന്നണിയുടെ പ്രകടനപത്രിക. കാർഷിക, വ്യാവസായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന പ്രകടനപത്രിക ഐടി, സ്റ്റാർട് അപ്പ് മേഖലയുടെ വികസനത്തിനും പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. ദേശീയ പാതകൾ നാലുവരിയാക്കാനും പ്രകടനപത്രിക ലക്ഷ്യമിടുന്നു. ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

എല്‍ഡിഎഫ് അധികാരത്തിലെത്തിയാൽ അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും, വ്യവസായ രംഗത്ത് തൊഴില്‍ സാധ്യത ഒരുക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കും തുടങ്ങിയ സുപ്രധാനമായ നടപടികള്‍ ഉള്‍പെട്ടതാണ് പ്രകടനപത്രിക.

ഭക്ഷ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിനായി പ്രത്യേക സംവിധാനം കൊണ്ടുവരും. മാവേലി സ്റ്റോര്‍, സപ്ളൈകോ ഔട്ട്ലെറ്റുകള്‍, നീതി സ്റ്റോര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ വഴി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. ആദ്യഘട്ടത്തില്‍ അവശ്യ സാധനങ്ങളുടെ പട്ടിക തയാറാക്കും. ഇതിനുശേഷം വരുന്ന അഞ്ചുവര്‍ഷക്കാലത്തേക്ക് ഈ ‘ഭക്ഷ്യസാധനങ്ങള്‍ക്കു വില വര്‍ധനയുണ്ടാകില്ല. പരിസ്ഥിതിയും കാര്‍ഷികമേഖലയും സംരക്ഷിക്കാനുള്ള പദ്ധതികളും പ്രകടനപത്രികയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കും.

നെല്‍വയലുകള്‍ സംരക്ഷിച്ചു നിലനിര്‍ത്താനായി കര്‍ഷകര്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തും. ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ പ്രെെമറി ഹെല്‍ത്ത് സെന്ററുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് വന്‍കിട ബാങ്ക് പദ്ധതി രൂപീകരിക്കും. 60 വയസ് തികഞ്ഞ  അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍, പെന്‍ഷന്‍ തുകകള്‍ 1000 രൂപയായി ഉയര്‍ത്തും തുടങ്ങിയ സുപ്രധാനമായ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

എല്‍ഡിഎഫ് പ്രകടന പത്രികയുടെ പൂര്‍ണ്ണരൂപം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here